തവനൂര്‍ ജയില്‍ നിര്‍മാണം: ഒന്നാംഘട്ടം പൂര്‍ത്തിയായി

കുറ്റിപ്പുറം: തവനൂര്‍ ജയില്‍ നിര്‍മാണത്തിന്‍െറ ഒന്നാം ഘട്ടം പൂര്‍ത്തിയായി ഈ ആഴ്ച ജയില്‍ വകുപ്പിന് കൈമാറും. റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്‍െറ അനുബന്ധ നിര്‍മാണങ്ങള്‍ നടത്താത്തതിനാല്‍ ജയില്‍ കെട്ടിടം നോക്കുകുത്തിയാകും. കഴിഞ്ഞ ആഗസ്റ്റ് 22നാണ് തവനൂരിലെ പ്രതീക്ഷ ഭവന് സമീപത്തുള്ള ജയില്‍ വകുപ്പിന് കീഴിലെ സ്ഥലത്ത് സെന്‍ട്രല്‍ ജയില്‍ നിര്‍മാണം തുടങ്ങിയത്. എട്ട് ഏക്കര്‍ സ്ഥലത്താണ് 18 കോടി രൂപ ചെലവില്‍ ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയത്. 10 പേരെ താമസിപ്പിക്കാവുന്ന 18 സെല്ലുകളും ഒരാളെ പാര്‍പ്പിക്കാവുന്ന അഞ്ച് സെല്ലുകളുടെ നിര്‍മാണമാണിപ്പോള്‍ പൂര്‍ത്തീകരിച്ചത്. ആറ് മീറ്റര്‍ ഉയരത്തില്‍ ചുറ്റുമതിലും പണിതിട്ടുണ്ട്. ജയിലിലെ ജീവനക്കാര്‍ക്ക് താമസിക്കേണ്ട സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, അടുക്കള, ആശുപത്രി എന്നിവയുടെ നിര്‍മാണമാണ് രണ്ടാം ഘട്ടത്തിലുള്ളത്. 530 പേരെ താമസിപ്പിക്കാനുള്ള സെന്‍ട്രല്‍ ജയിലിനാണ് തറക്കല്ലിട്ടത്. എന്നാല്‍, സര്‍ക്കാറിന്‍െറ സാമ്പത്തിക പരിമിതികളിള്‍പെട്ട് രണ്ടും മൂന്നും ഘട്ട നിര്‍മാണങ്ങള്‍ക്ക് തുക അനുവദിക്കാത്തതിനാല്‍ നിര്‍മിച്ചത് ജില്ലാ ജയിലാണ്. അഞ്ച് ഏക്കര്‍ സ്ഥാലത്താണിപ്പോഴത്തെ കെട്ടിടം. ബാക്കിയുള്ള മൂന്ന് ഏക്കറില്‍ പ്രവേശ ബ്ളോക്ക്, മറ്റ് കെട്ടിടങ്ങള്‍ എന്നിവ നിര്‍മിക്കും. കേന്ദ്ര സര്‍ക്കാറിന്‍െറ പ്ളാന്‍ ഫണ്ടില്‍നിന്ന് 25 കോടി രൂപ ജയില്‍ വകുപ്പിന്‍െറ കൈയിലുണ്ടായിട്ടും ജയില്‍ നിര്‍മാണത്തിന് വിനിയോഗിക്കാതെ അനാവശ്യ സാമഗ്രികള്‍ വാങ്ങിക്കൂട്ടിയതിനാലാണ് ജയില്‍ നിര്‍മാണം പാതിവഴിയിലായതെന്ന് ആക്ഷേപമുണ്ട്. മൂന്നാം ഘട്ടത്തില്‍ ജയില്‍ അന്തേവാസികളെ കൊണ്ട് ഭക്ഷണം, വെള്ളം എന്നിവ പാക്കറ്റുകളിലാക്കി വില്‍പന നടത്താനുള്ള പദ്ധയിതും തുക വകയിരുത്താത്തതിനാല്‍ അവതാളത്തിലായി. വൈദ്യുതീകരണം നടത്തുകയോ ജീവനക്കാര്‍ക്കുള്ള താമസ സൗകര്യം ഒരുക്കുകയോ തടവുകാര്‍ക്കും ജീവനക്കാര്‍ക്കമുള്ള ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം ഒരുക്കുകയോ ചെയ്യാത്തതിനാല്‍ നിലവില്‍ ഈ കെട്ടിടം ജയിലായി ഉപയോഗിക്കാന്‍ സാധിക്കില്ല. കെട്ടിടം ഈ ആഴ്ച കരാറുകാരാന്‍ പൊതുമരാമത്ത് വകുപ്പിനും തുടര്‍ന്ന് ജയില്‍ ഡി.ഐ.ജിക്കും കൈമാറുമെന്ന് പൊതുമരാമത്ത് വകുപ്പ് എ.എക്സി എസ്. ഹരീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കിയത് റെക്കോഡ് വേഗത്തില്‍ കുറ്റിപ്പുറം: തവനൂര്‍ ജയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത് റെക്കോഡ് വേഗത്തില്‍. രണ്ട് വര്‍ഷം കാലവധിയുണ്ടായിരുന്ന കെട്ടിടമാണ് 15 മാസം കൊണ്ട് പൂര്‍ത്തിയാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള അമ്മു കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. മൂന്ന് ഘട്ടങ്ങളിലായുള്ള കെട്ടിടം നിര്‍മിക്കാനുള്ള സാമഗ്രികള്‍ തവനൂരിലത്തെിച്ചിരുന്നു. എന്നാല്‍, നിര്‍മാണം തുടങ്ങിയപ്പോഴേക്കും സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ പരിമിതപ്പെടുത്തി. കരാര്‍ തുകയുടെ 15 ശതമാനം ഓരോ വര്‍ഷവും വര്‍ധന നല്‍കേണ്ടതിനാല്‍ ഇനിയുള്ള നിര്‍മാണത്തിന് സര്‍ക്കാറിന് കോടികള്‍ നഷ്മാകും. കെട്ടിടത്തിന്‍െറ ചുറ്റുമതില്‍ ഓഫിസ് മുറികള്‍, സെല്ലുകള്‍ തുടങ്ങിയ ആദ്യഘട്ട നിര്‍മാണമാണ് റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.