പൊന്നാനിയുടെ വികസനത്തിന് ബാങ്കുകള്‍ മുന്നോട്ട് വരണം –സെമിനാര്‍

പൊന്നാനി: പൊന്നാനിയുടെ സമഗ്ര വികസനത്തിന് ബാങ്കുകള്‍ അനുകൂല നിലപാടെടുക്കണമെന്ന് പൊന്നാനി എം.ഇ.എസ് കോളജ് കോമേഴ്സ് ഡിപ്പാര്‍ട്മെന്‍റ് സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. ‘പൊന്നാനിയുടെ വികസന സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ബാങ്കിങ് മേഖലയുടെ പങ്ക്’ വിഷയത്തിലാണ് ഓപണ്‍ ഫോറം നടത്തിയത്. ടൂറിസം ഉള്‍പ്പെടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ബാങ്കുകള്‍ മുന്നോട്ട് വരണമെന്ന് മീഞ്ചന്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് സാമ്പത്തിക വിഭാഗം തലവന്‍ പ്രഫ. കെ. ഇമ്പിച്ചിക്കോയ പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്ത അര്‍ബന്‍ ബാങ്ക് പ്രസിഡന്‍റ് എം.വി. ശ്രീധരന്‍ മാസ്റ്റര്‍ ബാങ്കിന്‍െറ പരിമിതികള്‍ വിശദീകരിച്ചു. വായ്പകള്‍ ഉല്‍പാദനപരമായ മേഖലകളില്‍ ചെലവഴിച്ചാലേ ഗുണപരമായ വികസനം സാധ്യമാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുസ്ഥിര വികസനത്തിന് ചെറുകിട വ്യവസായങ്ങള്‍ ഉയര്‍ന്ന് വരണമെന്നും സംരംഭകര്‍ക്ക് വായ്പകള്‍ ലഭ്യമാക്കുമെന്നും എസ്.ബി.ടി ബ്രാഞ്ച് മാനേജര്‍ രാജേന്ദ്രന്‍ പറഞ്ഞു. പ്രായോഗികമായ വ്യവസായ പ്രോജക്ടുകളുമായി വിദ്യാര്‍ഥികള്‍ മുന്നോട്ട് വന്നാല്‍ വായ്പ ഉള്‍പ്പെടെയുള്ള എല്ലാ സഹായവും ജില്ലാ വ്യവസായ വികസന അസിസ്റ്റന്‍റ് മാനേജര്‍ സ്മിത വാഗ്ദാനം ചെയ്തു. പ്രവാസികളുടെ എന്‍.ആര്‍.ഐ ഫണ്ട് ഉപയോഗിച്ച് ബാങ്കുകള്‍ക്ക് പ്രവാസികളുടെ പുനരധിവാസം സാധ്യമാക്കണമെന്ന് പ്രവാസി ബിസിനസുകാരനായ അസ്ലം അഭിപ്രായപ്പെട്ടു. ബാങ്കുകള്‍ കേവലം നിക്ഷേപം സ്വീകരിച്ച് കടം കൊടുക്കുന്ന ഒരു ഏജന്‍റ് മാത്രമായി മാറിയെന്നും വിഴിഞ്ഞം പോര്‍ട്ട്, പൊന്നാനി തുറമുഖം തുടങ്ങിയവ പോലെയുള്ള പ്രോജക്ടുകള്‍ ബി.ഒ.ടി അടിസ്ഥാനത്തിലെങ്കിലും ബാങ്കുകള്‍ക്ക് ഏറ്റെടുക്കാമായിരുന്നുവെന്നും ചര്‍ച്ചയുടെ മോഡറേറ്റര്‍ പ്രഫ. ടി.വൈ. അരവിന്ദാക്ഷന്‍ അഭിപ്രായപ്പെട്ടു. പൊന്നാനി നഗരസഭ ഏറ്റെടുത്ത് നടത്തുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ ബാങ്കുകള്‍ ബി.ഒ.ടി വായ്പകള്‍ അനുവദിച്ച് സഹായിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി കെ.എ. ഖയ്യും കാര്‍ഷിക വികസന ബാങ്ക് മാനേജര്‍ സി.എ. അഷ്റഫ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. എം.ഇ.എസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. എ.എം. റഷീദ്, പ്രഫ. മൊയ്തീന്‍കുട്ടി പാറയില്‍, ഡോ. ടി.കെ. ശ്രീധരന്‍, ജാഫര്‍ ആലിക്കല്‍, ഒ.സി. സലാഹുദ്ദീന്‍, പ്രഫ. എ.കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. സമാപ സമ്മേളനം ഡോ. ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ബാങ്കുകള്‍ കൂടുതല്‍ സാമൂഹിക പ്രതിബദ്ധത പുലര്‍ത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോളജ് പ്രിന്‍സിപ്പല്‍ എം.എ. റഷീദ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ സി.പി. മുഹമ്മദ്കുഞ്ഞി, ഒ.സി. സലാഹുദ്ദീന്‍, പ്രഫ. അഹമ്മദ്, പ്രഫ. പോള്‍സണ്‍, പ്രഫ. പി.സി. സന്തോഷ്, പ്രഫ. കുഞ്ഞിമ്മു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.