പെരിന്തല്‍മണ്ണ: റെയില്‍വേ മേല്‍പാല നിര്‍മാണം വേഗത്തിലാക്കാന്‍ അങ്ങാടിപ്പുറത്ത് വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ ഒരു മാസത്തേക്ക് വണ്‍വേ സമ്പ്രദായം നടപ്പാക്കും. അങ്ങാടിപ്പുറം ഭാഗത്ത് നിന്ന് പെരിന്തല്‍മണ്ണയിലേക്ക് ബസുകളുള്‍പ്പെടെ എല്ലാ വാഹനങ്ങളും കടത്തി വിടുന്ന തരത്തിലും തിരിച്ച് ഇരുചക്ര, മുച്ചക്ര വാഹനങ്ങളെ മാത്രം വിടുന്ന തരത്തിലുമാണ് നിയന്ത്രണമെന്ന് സബ് കലക്ടര്‍ ജാഫര്‍ മാലിക് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 10ന് മേല്‍പാലം അപ്രോച്ച് റോഡ് നിര്‍മാണം പൂര്‍ത്തിയാകും വരെ വണ്‍വേ ഏര്‍പ്പെടുത്തണമെന്ന് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ക്രമീകരണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പെരിന്തല്‍മണ്ണയില്‍ നിന്ന് അങ്ങാടിപ്പുറം ഭാഗത്തേക്ക് ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്കു പുറമേ ആംബുലന്‍സ്, കെ.എസ്.ഇ.ബി, അഗ്നിശമനസേന, പൊലീസ് വാഹനങ്ങള്‍ എന്നിവയും കടത്തി വിടും. പെരിന്തല്‍മണ്ണയില്‍ നിന്ന് മലപ്പുറം, മഞ്ചേരി, കോട്ടക്കല്‍ ഭാഗത്തേക്കുള്ള ബസുകള്‍ പെരിന്തല്‍മണ്ണ, പട്ടിക്കാട്, വലമ്പൂര്‍, ഓരാടംപാലം വഴി തിരിച്ചുവിടും. വളാഞ്ചേരി ബസുകള്‍ പുലാമന്തോള്‍, ഓണപ്പുട വഴിയാണ് വിടുക. അങ്ങാടിപ്പുറം, തിരൂര്‍ക്കാട്, പെരിന്തല്‍മണ്ണ ഭാഗത്തുനിന്നുള്ള ചെറുകിട, ഇടത്തരം വാഹനങ്ങള്‍ ഓരാടംപാലത്തുനിന്ന് വലമ്പൂര്‍, പട്ടിക്കാട് റൂട്ടില്‍ പോകാന്‍ അനുവദിക്കില്ല. അങ്ങാടിപ്പുറം എഫ്.സി.ഐ ഗോഡൗണിലേക്കുള്ള വാഹനങ്ങള്‍ പുലര്‍ച്ചെ ഒന്നിനും മൂന്നിനും ഇടയില്‍ മാത്രമേ ദേശീയപാതയിലൂടെ വരാന്‍ അനുവദിക്കൂ. പുലര്‍ച്ചെ ഒന്ന് മുതല്‍ മൂന്ന് വരെ അങ്ങാടിപ്പുറത്ത് നിന്ന് ഒരു വാഹനവും പെരിന്തല്‍മണ്ണയിലേക്ക് വിടില്ല. മേല്‍പാലത്തിനടുത്തുള്ള തരകന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി രണ്ട് ബസുകള്‍ പോകാന്‍ അനുമതി നല്‍കി. കാല്‍നടയാത്രക്കായി സഹകരണ ബാങ്ക് ഭാഗത്ത് മുസ്ലിം പള്ളി വരെ തല്‍ക്കാലം നടപ്പാത നിര്‍മിക്കും. എഫ്.സി.ഐ ഗോഡൗണില്‍ നിന്ന് റേഷന്‍ സാമഗ്രികളുടെ നീക്കം സുഗമമായി നടത്താന്‍ താലൂക്ക് സപൈ്ള ഓഫിസര്‍ നടപടി സ്വീകരിക്കും. മലപ്പുറം, മഞ്ചേരി, കോട്ടക്കല്‍, വളാഞ്ചേരി ഭാഗത്തുനിന്ന് പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള ബസുകള്‍ക്ക് വേണമെങ്കില്‍ അങ്ങാടിപ്പുറം ജങ്ഷനില്‍ ട്രിപ്പ് അവസാനിപ്പിക്കാം. എന്നാല്‍, നിശ്ചിത സമയങ്ങളിലേ ഇവിടെ നിന്ന് തിരികെ പോകാവൂ. യാത്രക്കാരെ കയറ്റാന്‍ ബസുകള്‍ക്കായി തളി ജങ്ഷനില്‍ ബസ്ബേ നിര്‍മിക്കും. യാത്ര തളി ജങ്ഷനില്‍ അവസാനിപ്പിക്കുന്ന രീതിയിലും പുറപ്പെടുന്ന രീതിയിലും ബസുകളുടെ ട്രിപ്പില്‍ ക്രമീകരണം വരുത്താന്‍ ആര്‍.ടി.ഒക്ക് നിര്‍ദേശം നല്‍കി. തഹസില്‍ദാര്‍ ജോസഫ്, ആര്‍.ബി.ഡി.സി ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്ന് സബ് കലക്ടര്‍ അറിയിച്ചു. അതേസമയം പെരിന്തല്‍മണ്ണ നഗരസഭാ അധികൃതര്‍, ബസ് ഉടമകള്‍ എന്നിവരുമായി ചര്‍ച്ച ചെയ്യാതെ തീരുമാനം നടപ്പാക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.