കോഴിക്കോട്: അന്തർ സംസ്ഥാന സ്വകാര്യബസ് സമരത്തിൻെറ പശ്ചാത്തലത്തിൽ കൂടുതൽ സർവിസ് നടത്തി വരുമാനം വർധിപ്പിക്കേണ്ട കെ.എസ്.ആർ.ടി.സി നിലവിലുള്ള റിസർവേഷൻ സമയം പരിമിതിപ്പെടുത്താൻ ശ്രമം. നിലവിൽ രണ്ട് ഷിഫ്റ്റുകളിലായി രാവിലെ ആറ് മുതൽ രാത്രി 10 വരെയാണ് കോഴിക്കോട്ടെ റിസർവേഷൻ സൻെറർ പ്രവർത്തിക്കുന്നത്. അത് വൈകീട്ട് ആറുവരെയാക്കി ചുരുക്കാനാണ് ശ്രമം തുടങ്ങിയിരിക്കുന്നത്. എന്നാൽ, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കില്ലെന്ന് പറഞ്ഞ് തൊഴിലാളി യൂനിയനുകൾ രംഗത്ത് വന്നിട്ടുണ്ട്. ബംഗളൂരു ഉൾപ്പടെയുള്ള നഗരങ്ങളിലേക്ക് കോഴിക്കോട്ടുനിന്ന് നിരവധി ബസുകളാണ് യാത്ര ആരംഭിക്കുന്നത്. യാത്ര ആരംഭിക്കുന്ന പോയൻറിലെ റിസർവേഷൻ കൗണ്ടറിൻെറ പ്രവർത്തനസമയം കുറക്കുന്നത് കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്നാണ് തൊഴിലാളികളുടെ നിലപാട്. പലപ്പോഴും റിസർവേഷൻ മുഴുവനാവാറില്ല. ഈ സാഹചര്യങ്ങളിൽ കൗണ്ടറിൽ വന്ന് റിസർവ് ചെയ്ത് യാത്രചെയ്യാനുള്ള സൗകര്യം യാത്രക്കാരനുണ്ട്. റിസർവേഷൻ സമയം പരിമിതപ്പെടുത്തുന്നതോടെ യാത്രക്കാരന് ആ സൗകര്യം ഇല്ലാതാവും. കൂടുതൽ ഇൻറർ സ്റ്റേറ്റ് സർവിസുകൾ നടത്തുന്നത് രാത്രി ഏഴിനും 10നും ഇടയിലാണ്. ആറുമണിയോടെ റിസർവേഷൻ കൗണ്ടർ അടക്കുന്നത് അതിനേയും ബാധിക്കുമെന്ന് തൊഴിലാളികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.