* പുലപ്രക്കുന്നിലെ സാംബവ കുടുംബങ്ങളുടെ മുറവിളി ഫലം കണ്ടുതുടങ്ങി * 15 ദിവസത്തിനകം പട്ടയം നൽകും മേപ്പയൂർ: മേപ്പയൂ ർ പഞ്ചായത്തിലെ പുലപ്രക്കുന്ന് കോളനിയിലെ സാംബവ കുടുംബങ്ങളുടെ വർഷങ്ങൾ നീണ്ട മുറവിളികൾക്ക് ഫലംകണ്ടുതുടങ്ങി. ജില്ല കലക്ടർ സാംബശിവറാവുവിെൻറ സാന്നിധ്യത്തിൽ കോളനിയിലെ 11 കുടുംബങ്ങൾക്ക് നാലുസെൻറ് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകുന്ന അനുവാദപത്രം മേപ്പയൂർ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന വിതരണം ചെയ്തു. വർഷങ്ങളായി പ്ലാസ്റ്റിക് ഷീറ്റുകളും പഴയ സാരികളും ഉപയോഗിച്ച് നിർമിച്ച താൽക്കാലിക ഷെഡുകളിൽ ദുരിതജീവിതം നയിക്കുകയായിരുന്നു ഈ കുടുംബങ്ങൾ. വെള്ളവും വെളിച്ചവും മറ്റു പ്രാഥമിക സൗകര്യവും ആവശ്യപ്പെട്ട് വർഷങ്ങളായി കോളനിക്കാർ കയറിയിറങ്ങാത്ത സർക്കാർ ഓഫിസുകളില്ല. മുൻ കലക്ടർ എൻ. പ്രശാന്ത് മുതൽ മന്ത്രിമാർ വരെ കോളനിയിലെത്തി വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും എല്ലാം പഴയപടി തന്നെയായിരുന്നു. സാമൂഹിക പ്രവർത്തകരുടെ ഇടപെടലുകളെ തുടർന്ന് ഈ പുതുവർഷത്തിൽ കലക്ടർ സാംബശിവറാവു കോളനി സന്ദർശിച്ച് കോളനിക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പ്രത്യേക താൽപര്യത്തോടെ ഇടപെടലുകൾ നടത്തിയതിനെ തുടർന്നാണ് ഇഴഞ്ഞുനീങ്ങിയ നടപടികൾക്ക് വേഗം കൂടിയത്. ചുവപ്പുനാടകൾ അഴിഞ്ഞുതുടങ്ങിയതിനെ തുടർന്ന് ഭൂമി അളന്നുതിട്ടപ്പെടുത്തലും അനുവാദപത്രം നൽകലും ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് നാലുസെൻറ് ഭൂമിയുടെ അനുവാദപത്രം നൽകിയതിനാൽ റവന്യൂ വകുപ്പ് 15 ദിവസത്തിനകം പട്ടയം നൽകുന്നതിനുള്ള നടപടി സ്വീകരിക്കും. ഗ്രാമപഞ്ചായത്ത് അപേക്ഷ നൽകുന്ന മുറക്ക് 11 കുടുംബങ്ങൾക്കും ഓണർഷിപ്പ് സർട്ടിഫിക്കറ്റും നൽകുമെന്ന് കലക്ടറുടെ സാന്നിധ്യത്തിൽ ഉറപ്പുനൽകി. റേഷൻ കാർഡും മറ്റ് സർക്കാർ സഹായങ്ങളും ലഭിക്കുന്നതിന് ഇത് കോളനിവാസികൾക്ക് സഹായകരമാകും. മേപ്പയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ല കലക്ടർക്ക് ഒപ്പം കൊയിലാണ്ടി താലൂക്ക് തഹസിൽദാർ, വില്ലേജ് ഓഫിസർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. രാജൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ എൻ.എം. ദാമോദരൻ, ഇ. ശ്രീജയ, ഭാസ്കരൻ കൊഴുക്കല്ലൂർ, കോളനി കമ്മിറ്റി കൺവീനർ രതീഷ് പുലപ്രക്കുന്ന് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.