മുക്കം: മലയോര മേഖലയിൽ കാര്യമായി സ്വാധീനമുള്ള രാഷ്ട്രീയ ജനതാദളിന്റെ (ആർ.ജെ.ഡി) തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ പരാജയം ചർച്ചയാവുന്നു. മുക്കം നഗരസഭയിലും കാരശ്ശേരി കൂടരഞ്ഞി പഞ്ചായത്തുകളിലുമാണ് ആർ.ജെ.ഡി ദയനീയ പ്രകടനം കാഴ്ചവെച്ചത്. മുക്കം നഗരസഭയിലെ ഡിവിഷൻ 32 ഇരട്ടക്കുളങ്ങര മത്സരിച്ച ഇടത് സ്ഥാനാർഥി ആർ.ജെ.ഡി ജില്ല കമ്മറ്റി അംഗം കൂടിയായ ഗോൾഡൻ ബഷീറിന് കിട്ടിയത് 21 വോട്ടു മാത്രമാണ്. യു.ഡി.എഫിലെ ശരീഫ് വെണ്ണക്കോട് 491 വോട്ടു നേടിയപ്പോൾ സ്വതന്ത്രരായ മുഹമ്മദ് അബ്ദുൽ മജീദ് 390 വോട്ടും സ്വതന്ത്രൻ കെ. അബ്ദുൽ മജീദ് 150 വോട്ടും നേടി.
കഴിഞ്ഞ തവണ നഗരസഭ ഭരണം താങ്ങി നിർത്തിയ ലീഗ് വിമതൻ മുഹമ്മദ് അബ്ദുൽ മജീദ് അവസാന സമയങ്ങളിൽ വലിയ പ്രതിസന്ധിയാണ് ഭരണമുന്നണിക്ക് ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ സി.പി.എം പ്രവർത്തകർ വ്യാപകമായി ലീഗ് സ്ഥാനാർഥിക്ക് വോട്ട് നൽകിയെന്നാണ് ആർ.ജെ.ഡി നേതൃത്വം ആരോപിക്കുന്നത്. 24 സി.പി.എം പാർട്ടി മെംബർമാരും 180 ഓളം പ്രവർത്തകരുമുള്ള വാർഡിലാണ് മുന്നണി സ്ഥാനാർഥി സ്വതന്ത്രർക്കും ഏറെ പിന്നിൽ പോയത്. ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി വി. കുഞ്ഞാലിയുടെ സ്വന്തം പഞ്ചായത്തായ കാരശ്ശേരിയിൽ പഞ്ചായത്ത് സീറ്റ് ലഭിച്ചില്ലെങ്കിലും ഏറെ ജയസാധ്യതയുള്ള കുമാരനെല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ ലഭിച്ചിരുന്നു.
എന്നാൽ, ഇവിടേയും പരാജയപ്പെടുകയായിരുന്നു. ഇവിടെ മുന്നണി വോട്ടുകൾ നഷ്ടപ്പെട്ടതിനൊപ്പം സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയും തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു. 502 വോട്ടിനാണ് മുസ്‍ലിം ലീഗിലെ മുനീർ ആലുങ്ങൽ അട്ടിമറി വിജയം നേടിയത്. കാരശ്ശേരി പഞ്ചായത്തിൽ തിളക്കമാർന്ന വിജയം നേടി പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ച ഇടത് മുന്നണി കാലാകാലങ്ങളായി കൈവശം വെച്ചിരുന്ന കുമാരനെല്ലൂർ ഡിവിഷൻ നഷ്ടപ്പെട്ടത് വലിയ തിരിച്ചടിയായാണ് വിലയിരുത്തുന്നത്. എൻ. അബ്ദുൽ സത്താർ മത്സര രംഗത്ത് വരും എന്നായിരുന്നു സി.പി.എം നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. ഏരിയ നേതൃത്വവും ഇദ്ദേഹത്തെയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ആർ.ജെ.ഡിയിലെ ഒരു വിഭാഗം സീറ്റ് നൽകാതെ അബ്ദുൽ സത്താറിനെ മാറ്റി നിർത്തിയത് മുന്നണിയിലെ പലർക്കും കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കി.
കൂടാതെ സ്വന്തം നാട്ടിൽ മുന്നണി വോട്ടുകൾ പോലും നേടാൻ എൽ.ഡി.എഫ് സ്ഥാനാർഥിക്കായില്ല എന്നതും പരാജയത്തിന്റെ പ്രധാന കാരണമായതായി വിലയിരുത്തുന്നു. മലയോര മേഖലയിൽ ആർ.ജെ.ഡിക്ക് ഏറ്റവും ശക്തമായ സ്വാധീനമുള്ള കൂടരഞ്ഞിയിലും ദയനീയ പരാജയമാണ് പാർട്ടിക്ക് ഉണ്ടായത്. അഞ്ച് സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. വരും ദിവസങ്ങളിൽ ഇത് രാഷ്ട്രീയ ചർച്ചയായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. വിഷയം ആർ.ജെ.ഡി നേതൃത്വം മുന്നണിയിൽ അറിയിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.