മുക്കം: സംസ്ഥാനമാകെ ആഞ്ഞടിച്ച യു.ഡി.എഫ് തരംഗം മലയോര മേഖലയിലും പ്രതിഫലിച്ചപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ യു.ഡി.എഫിന് വ്യക്തമായ മേൽക്കൈ. തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണത്തിലും മൊത്തം ലഭിച്ച വോട്ടുകളുടെ എണ്ണത്തിലും യു.ഡി.എഫാണ് ബഹുദൂരം മുന്നിൽ. ഇതോടെ, നിയമസഭ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റ് നിലനിർത്താൻ എൽ.ഡി.എഫും സീറ്റ് പിടിക്കാൻ യു.ഡി.എഫും തുനിഞ്ഞിറങ്ങുമ്പോൾ മത്സരം തീ പാറും. 2024ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിലും നേടിയ മേധാവിത്വം തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് ആവർത്തിച്ചു.
കാരശ്ശേരി, കൊടിയത്തൂർ, തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി ഗ്രാമപഞ്ചായത്തുകളും മുക്കം നഗരസഭയും അടങ്ങുന്നതാണ് തിരുവമ്പാടി നിയോജക മണ്ഡലം. ഇവയിൽ, മുക്കം നഗരസഭയും കാരശ്ശേരി ഗ്രാമപഞ്ചായത്തും മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതിനൊപ്പം നിന്നത്. കൊടിയത്തൂർ, പുതുപ്പാടി, കോടഞ്ചേരി, പഞ്ചായത്തുകളിൽ ഭരണം നിലനിർത്തിയതിനൊപ്പം കൂടരഞ്ഞി തിരിച്ചുപിടിച്ചത് യു.ഡി.എഫിന് നേട്ടമായി. ലിേന്റാ ജോസഫ് എം.എൽ.എ, നേരത്തെ പ്രസിന്റായിരുന്ന പഞ്ചായത്താണ് കൂടരഞ്ഞി.
തിരുവമ്പാടിയിൽ എൽ.ഡി.എഫും യു.ഡി.എഫും ഒമ്പത് സീറ്റുകൾ വീതം നേടി ഒപ്പത്തിനൊപ്പമാണ്. വിമത സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച ജിതിൻ പല്ലാട്ടിന്റെ പിന്തുണ നേടുന്നവർക്കാണ് ഇവിടെ ഭരണം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ,67867 വോട്ട് നേടി, 4643 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരുവമ്പാടിയിൽ നിന്ന് ലിന്റോ ജോസഫ് നിയമസഭയിലെത്തിയത്. യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന സി.പി. ചെറിയ മുഹമ്മദ് 63224 വോട്ടുകൾ നേടിയപ്പോൾ എൻ.ഡി.എയിലെ ബേബി അമ്പാട്ട് 7794 വോട്ടുകളും നേടി. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ, 11081 വോട്ടിന്റെ ഭൂരിപക്ഷമാണ് തിരുവമ്പാടി മണ്ഡലത്തിൽ യു.ഡി.എഫിനുള്ളത്. പ്രാദേശിക സഖ്യമില്ലാതെ മുക്കം നഗരസഭയിലെ ആറു ഡിവിഷനുകളിലും കാരശ്ശേരി പഞ്ചായത്തിലെ രണ്ട് വാർഡുകളിലും വെൽഫെയർ പാർട്ടി നേടിയ വോട്ടുകൾ കൂടി കൂട്ടിയാൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം പതിനാലായിരം കടക്കും.
അതുകൊണ്ടുതന്നെ നിയമസഭ തെരഞ്ഞെടുപ്പിലെ വെൽഫെയർ പാർട്ടിയുടെ നിലപാട് നിർണായകമാകും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നേടിയ വോട്ട് നിലയോളം മാത്രമാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിലും എൻ.ഡി.എ നേടിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മുക്കം നഗരസഭയിലെയും കൂടരഞ്ഞി പഞ്ചായത്തിലെയും ഭൂരിപക്ഷമാണ് എൽ.ഡി.എഫിനെ തുണച്ചത്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പ് ഫല പ്രകാരം മുക്കത്ത് 700 വോട്ടുകൾക്കും കുടരഞ്ഞിയിൽ 629 വോട്ടുകൾക്കും പിന്നിലാണ് എൽ.ഡി.എഫ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.