ഉള്ള്യേരി: ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനായില്ലെങ്കിലും ഇടതു കോട്ടകളിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തി കരുത്ത് കാട്ടി യു.ഡി.എഫ്. ഏറെ സുരക്ഷിതമെന്ന് കരുതിയ ചില വാർഡുകളിൽ പോലും എൽ.ഡി.എഫിനെ ഞെട്ടിച്ച യു.ഡി.എഫ് നാല് വാർഡുകളിൽ നേരിയ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. അപ്രതീക്ഷിത വോട്ട് ചോർച്ചയാണ് ചില വാർഡുകളിൽ എൽ.ഡി. എഫിന് ഉണ്ടായത്.
ഭരണമാറ്റം സ്വപ്‌നം കണ്ട യു.ഡി.എഫിന് 21 ൽ ആറു സീറ്റു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും വിജയിച്ച വാർഡുകളിൽ ഭൂരിപക്ഷം കൂട്ടിയും, പരാജയപ്പെട്ട ഇടങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ ലീഡ് ഗണ്യമായി കുറച്ചും യു.ഡി.എഫ്. മികച്ച പ്രകടനം കാഴ്ചവെച്ചു. പഞ്ചായത്തിലെ മൊത്തം വോട്ടിങ് നിലയിൽ യു.ഡി.എഫ് ആണ് മുന്നിൽ. യു.ഡി.എഫിന് 11042 വോട്ട് ലഭിച്ചപ്പോൾ എൽ.ഡി.എഫിന് 10938 വോട്ടും ബി.ജെ.പിക്ക് 2124 വോട്ടും ലഭിച്ചു. നാലു വാർഡുകളിൽ നേരിയ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചത്.
വാർഡ് 13 ൽ 11 വോട്ടുകൾക്കും, വാർഡ് 14 ൽ 26 വോട്ടുകൾക്കും, വാർഡ് 16 ൽ 13 വോട്ടുകൾക്കും, വാർഡ് 21 ൽ 11 വോട്ടുകൾക്കുമാണ് എൽ.ഡി.എഫ് വിജയിച്ചത്. അതേസമയം യു.ഡി.എഫ് വിജയിച്ച ചില വാർഡുകളിൽ വലിയ ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. മൂന്നാം വാർഡിൽ യു.ഡി.എഫിന് 295 വോട്ടിന്റെയും പത്താം വാർഡിൽ 372 വോട്ടിന്റെയും പതിനേഴാം വാർഡിൽ 612 വോട്ടിന്റെയും ഭൂരിപക്ഷം യു.ഡി.എഫ് സ്ഥാനാർഥികൾക്ക് ലഭിച്ചു.
വിജയ സാധ്യത കണക്കാക്കി സൂക്ഷ്‌മ തലത്തിൽ വാർഡ് വിഭജനം നടത്തിയിട്ടും ചില വാർഡുകളിൽ അപ്രതീക്ഷിതമായ തിരിച്ചടി ഉണ്ടായതാണ് എൽ.ഡി. എഫ് വിലയിരുത്തൽ. കഴിഞ്ഞതവണ രണ്ട് സീറ്റുകൾ ഉണ്ടായിരുന്ന ആർ.ജെ.ഡിക്ക് ഒരു സീറ്റ് നഷ്ടമായി. ആർ.ജെ.ഡി. യുടെ സിറ്റിങ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു. സിറ്റിങ് സീറ്റ് നഷ്ടപ്പെട്ട വിഷയത്തിൽ ആർ. ജെ.ഡി.യിൽ അമർഷം പുകയുന്നതായാണ് വിവരം. പതിനേഴാം വാർഡിൽ മത്സരിച്ച സി.പി.ഐ സ്ഥാനാർഥിക്ക് 194 വോട്ടും ബി.ജെ.പിക്ക് 183 വോട്ടും ലഭിച്ചപ്പോൾ യു.ഡി.എഫിന് 806 വോട്ടുകൾ കിട്ടി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.