അന്തർ സംസ്​ഥാന തൊഴിലാളികൾ റെയിൽവേ സ്​റ്റേഷനിലെത്തിയത്​ വ്യാജ പ്രചാരണം വിശ്വസിച്ച്​

-നാട്ടിലേക്ക് ട്രെയിൻ വേണമെന്ന് ആവശ്യം കണ്ണൂർ: സ്വദേശത്തേക്ക് പോകാൻ ട്രെയിൻ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധിച്ച അന്തർ സംസ്ഥാന തൊഴിലാളികളെത്തിയത് വ്യാജ പ്രചാരണം വിശ്വസിച്ച്. വളപട്ടണം, അഴീക്കൽ മേഖലയിലെ പൂഴിവാരൽ തൊഴിലാളികളാണ് റെയിൽവേ സ്റ്റേഷനിൽ കൂട്ടത്തോടെ എത്തിയത്. ഉത്തർപ്രദേശിലേക്ക് ട്രെയിൻ പുറപ്പെടുന്നു എന്നായിരുന്നു ഇവർക്കിടയിലുണ്ടായ വ്യാജ പ്രചാരണം. ചൊവ്വാഴ്ച രാവിലെ എട്ടോടെ തന്നെ തൊഴിലാളികൾ വളപട്ടണം റെയിൽവേ ട്രാക്കിലൂടെ നടന്ന് റെയിൽവേ സ്റ്റേഷനിലെത്തി. ഇവർ സാമൂഹിക അകലം പാലിക്കാതെ പ്രതിഷേധിക്കാൻ തുടങ്ങിയതോടെ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ, സി.ഐ പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഇടപെട്ട് തടയുകയായിരുന്നു. തുടർന്നെത്തിയ തഹസിൽദാർ വി.എം. സജീവൻ, ജില്ല ലേബർ ഓഫിസർ ബേബി കാസ്ട്രോ എന്നിവർ തൊഴിലാളികളുമായി ചർച്ച നടത്തി. പ്രതിഷേധിച്ചതു കൊണ്ടൊന്നും ട്രെയിൻ ലഭിക്കില്ലെന്ന് ഇവർ തൊഴിലാളികളോട് വ്യക്തമാക്കി. ഇനി അനുവദിച്ച് കിട്ടുന്നതിനനുസരിച്ച് എല്ലാവരെയും നാട്ടിലെത്തിക്കുമെന്ന് തഹസിൽദാർ ഉറപ്പുനൽകി. അതിനിടെ നാല് കെ.എസ്.ആർ.ടി.സി ബസുകൾ ഇവരെ തിരിച്ച് ക്യാമ്പിലേക്കുതന്നെ എത്തിക്കാൻ റെയിൽവേ സ്റ്റേഷനിലെത്തിച്ചു. എന്നാൽ, തൊഴിലാളികൾ ആദ്യമൊന്നും ബസിൽ കയറാൻ തയാറായില്ല. അധികൃതർ കാര്യം വിശദീകരിച്ചിട്ടും ഉൾക്കൊള്ളാൻ തയാറാകാത്ത സ്ഥിതിയായിരുന്നു. ബസിൽ കയറാൻ തയാറായില്ലെങ്കിൽ ബലം പ്രയോഗിക്കേണ്ടിവരുമെന്ന് പൊലീസ് വ്യക്തമാക്കിയതോടെ കുറേ തൊഴിലാളികൾ ബസിൽ കയറി. എന്നിട്ടും ഒരു വിഭാഗം ബസിൽ കയറാതെ ക്യാമ്പിലേക്ക് നടന്നു പോകാനാണ് തയാറായത്. ഇേതാടെ പൊലീസ് ബലം പ്രയോഗിച്ച് ഇവരെയും ബസിൽ കയറ്റി. തുടർന്ന്, തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പിൽതന്നെ തിരിച്ചെത്തിച്ചു. റെയിൽവേ സ്റ്റേഷനിൽ പോയാൽ ട്രെയിൻ കിട്ടുമെന്ന് ആരോ ഇവരെ െതറ്റിദ്ധരിപ്പിച്ചുവെന്നുവേണം കരുതാനെന്ന് തഹസിൽദാർ വി.എം. സജീവൻ പറഞ്ഞു. ക്യാമ്പുകളിൽ ഇവർക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ല. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും തഹസിൽദാർ പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ വന്നാൽ ട്രെയിൻ കിട്ടില്ലെന്ന കാര്യം തൊഴിലാളികളെ ബോധ്യപ്പെടുത്തിയതായി ജില്ല ലേബർ ഓഫിസർ ബേബി കാസ്ട്രോയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.