ഉദ്ഘാടനം കഴിഞ്ഞ് 10 വർഷം; ബസുകൾ കയറുന്നതും കാത്ത് ആയഞ്ചേരി പഞ്ചായത്ത് ബസ്​സ്​റ്റാൻഡ്

ആയഞ്ചേരി: ഉദ്ഘാടനം കഴിഞ്ഞ് 10 വർഷം പിന്നിട്ടിട്ടും ഉപയോഗപ്രദമാകാത്ത ആയഞ്ചേരി പഞ്ചായത്ത് സ്റ്റാൻഡിൽ ബസ് കയറു ന്നതും കാത്ത് നാട്ടുകാർ. അടുത്താഴ്ച നടക്കുന്ന ട്രാഫിക് പരിഷ്കരണ യോഗം സ്റ്റാൻഡിൽ ബസ് കയറ്റാനുള്ള നടപടി സ്വീകരിക്കുമോ എന്നാണ് യാത്രക്കാർ പ്രതീക്ഷയോടെ നോക്കുന്നത്. ഇപ്പോൾ സ്റ്റാൻഡിന് സമീപമുള്ള റോഡിൽ യാത്രക്കാരെ കയറ്റുകയും ഇറക്കുകയുമാണ് ചെയ്യുന്നത്. ചില വ്യക്തികൾ നൽകിയ സ്ഥലത്ത് അന്നത്തെ എം.എൽ.എയായിരുന്ന മത്തായി ചാക്കോയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് ബസ്സ്റ്റാൻഡ് നിർമിച്ചത്. ഇതിന് ചുറ്റും സ്വകാര്യ കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട്. വർഷങ്ങൾ കഴിഞ്ഞതോടെ ബസ്സ്റ്റാൻഡിലെ ടാറിങ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടില്ല. കടകളിൽ കച്ചവടം ആരംഭിക്കാത്തതിനാൽ സാധനങ്ങൾ വാങ്ങുകയോ, ഭക്ഷണം കഴിക്കുകയോ ചെയ്യണമെങ്കിൽ ടൗണിൽ പോകേണ്ട സ്ഥിതിയാണ്. പഞ്ചായത്തും പൊലീസും മുൻകൈയെടുത്ത് ടൗൺ ട്രാഫിക് പരിഷ്കരണത്തിൻെറ ഭാഗമായി മുമ്പ് ബസ്സ്റ്റാൻഡിൽ ബസ് കയറ്റാൻ തീരുമാനിച്ചിരുന്നെങ്കിലും കുറച്ച് കാലമേ നീണ്ടു നിന്നുള്ളൂ. ബസുകൾ വീണ്ടും റോഡരികിൽ നിന്നു തന്നെ ആളുകളെ കയറ്റാനും ഇറക്കാനും തുടങ്ങി. ഇത് വലിയ അപകട ഭീഷണിയാണ് ഉണ്ടാക്കുന്നത്. തിരുവള്ളൂർ റോഡിൽ നിന്ന് തീക്കുനി റോഡിലേക്കും തിരിച്ചും ബസ്സ്റ്റാൻഡിലൂടെ ബസ് ഒഴികെയുള്ള വാഹനങ്ങൾ ഓടുന്നത് കാൽനടയാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നുണ്ട്. ടൗൺ ട്രാഫിക് പരിഷ്കരണം നടത്തുമ്പോൾ ബസുകൾ സ്റ്റാൻഡിൽ കയറാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പരിഷ്കരണം കൃത്യമായി നടപ്പാക്കാൻ പൊലീസിനെ നിയോഗിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.