കെ.കെ. ശിവദാസൻ നാളെ (30.6.19) വിരമിക്കും

ബാലുശ്ശേരി: കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രഥമാധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ കെ.കെ. ശിവദാസൻ നാളെ സർവിസിൽനിന്നു വിരമിക്കും. വിദ്യാഭ്യാസ മേഖലയിലെ ബഹുമുഖ പ്രവർത്തനങ്ങൾക്ക് ശ്രദ്ധേയമായ ഇടപെടൽ നടത്തിയ ഇദ്ദേഹം 38 വർഷത്തെ സേവനം പൂർത്തിയാക്കിയാണ് വിരമിക്കുന്നത്. എറണാകുളം ജില്ലയിലെ ആദിവാസി മേഖലയായ പിണവൂർ കുടിയിലെ ഗവ. ഹൈസ്കൂളിൽ പ്രഥമാധ്യാപകനായിരിക്കെ നടത്തിയ പ്രവർത്തനങ്ങൾ ഏറെ അംഗീകാരം പിടിച്ചുപറ്റുകയുണ്ടായി. വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നവർക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് നൽകുന്ന പ്രതിഭ പുരസ്കാരത്തിന് 2018ൽ ഇദ്ദേഹം അർഹനായി. ആദിവാസി വിദ്യാലയത്തിലെ എസ്.എസ്.എൽ.സി റിസൽട്ട് 45 ശതമാനത്തിൽനിന്ന് നൂറിലേക്ക് ഉയർത്തിയതും വിദ്യാലയ നടത്തിപ്പിൽ രക്ഷിതാക്കളെ പങ്കാളികളാക്കിയതും സംസ്ഥാന തലത്തിൽ ശ്രദ്ധ നേടുകയുണ്ടായി. തുടർന്ന് ചുമതലയേറ്റ കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനെയും സമ്പൂർണ വിജയത്തിലെത്തിച്ചു. 400ൽ കൂടുതൽ പേരെ പരീക്ഷക്കിരുത്തി നുറു ശതമാനം വിജയവും സംസ്ഥാന ശരാശരിയെക്കാൾ കൂടുതൽ എ പ്ലസും ലഭിച്ച സർക്കാർ സ്കൂളിൻെറ പട്ടികയിൽ കോക്കല്ലൂർ സ്കൂൾ ഒന്നാമതെത്തി. കോഴിക്കോട് ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കോഓഡിനേറ്ററുടെ അധികച്ചുമതല 20 വർഷം ഏറ്റെടുത്തു നടത്തി. കുട്ടികളുടെ ജനാധിപത്യവേദിയായ ക്ലാസ് സഭയുടെയും ജില്ല പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പാക്കിയ വിദ്യാലയ ജാഗ്രതാസമിതിയുടെയും ആശയം ശിവദാസൻ മാസ്റ്ററുടേതായിരുന്നു. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന ജനകീയ കാമ്പയിനിൽ ക്ലാസുകളും പ്രഭാഷണങ്ങളുമായി നിർണായക പങ്കുവഹിച്ചിട്ടുണ്ട്‌. ജനകീയാസൂത്രണത്തിൻെറ തുടക്കം മുതൽ കീ റിസോഴ്സ് പേഴ്സനായി പ്രവർത്തിച്ചുവരുന്നു. നിലവിൽ കില ഫാക്കൽട്ടി ടീം അംഗമാണ്‌. അക്ഷര കേരളം േപ്രാജക്ടിൽ അസി. േപ്രാജക്ട് ഓഫിസറായും സേവനമനുഷ്ഠിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം, സംസ്ഥാന വിദ്യാഭ്യാസ സമിതി കൺവീനർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ഇപ്പോൾ 'ശാസ്ത്ര കേരളം' പത്രാധിപ സമിതി അംഗമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.