കണ്ണൂർ: സമ്പർക്കം വഴി കോവിഡ് ബാധിച്ചവരുടെ എണ്ണം സംസ്ഥാന ശരാശരിയേക്കാൾ ഇരട്ടിയായ സാഹചര്യത്തിൽ ജില്ല ഭരണകൂടത്തോട് ആഭ്യന്തരവകുപ്പ് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഏതൊക്കെ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കാനാവുമെന്നത് സംബന്ധിച്ചാണ് റിപ്പോർട്ട് തേടിയത്. ഈ നില തുടരുകയാണെങ്കിൽ നിരോധനാജ്ഞ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സാധ്യത. രോഗവ്യാപന സ്ഥിതി തുടരുന്ന കണ്ണൂരിൽ ട്രിപ്പ്ൾ ലോക്ഡൗൺ നടപ്പാക്കാനുള്ള ആലോചനയുണ്ടെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഏതൊക്കെ തരത്തിലുള്ള ക്രമീകരണം ഉൾപ്പെടുത്തണമെന്നത് സംബന്ധിച്ച് ജില്ല ഭരണകൂടവും പൊലീസും വിലയിരുത്തിയിട്ടുണ്ട്. റോഡുകൾ അടച്ചുള്ള നിയന്ത്രണങ്ങൾക്ക് സാധ്യതയുണ്ട്. കൂടുതൽ പേർ പുറത്തിറങ്ങുന്നത് രോഗവ്യാപന തോത് വർധിപ്പിക്കുമെന്ന ആശങ്കയിലാണ് സർക്കാർ. സംസ്ഥാനത്ത് ശരാശരി 10 ശതമാനം പേർക്ക് സമ്പർക്കം വഴി രോഗമുണ്ടായപ്പോൾ ജില്ലയിൽ ഇത് 20 ശതമാനമായിരുന്നു. നിലവിൽ ചികിത്സയിലുള്ള 99 പേരിൽ 19 പേർക്ക് സമ്പർക്കം വഴിയാണ് കോവിഡ് ബാധ. കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ച ധർമടം സ്വദേശി ആസ്യയുടെ കുടുംബത്തിൽ 13 പേർക്കാണ് രോഗബാധയുണ്ടായത്. ഈ കുടുംബത്തിന് എങ്ങനെയാണ് കോവിഡ് ബാധിച്ചതെന്നത് ഇനിയും കണ്ടെത്താനായിട്ടില്ല. തലശ്ശേരി മാർക്കറ്റിൽ മത്സ്യവ്യാപാരികളായ ആസ്യയുടെ ഭർത്താവിൽനിന്നോ മക്കളിൽനിന്നോ ആവാം രോഗം പകർന്നതെന്ന സംശയമുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടിക സങ്കീർണമാണെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള കോഴിക്കോട് തൂണേരി സ്വദേശിയായ മത്സ്യ വ്യാപാരിക്കും കഴിഞ്ഞദിവസം കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. നിയന്ത്രണങ്ങളിൽ ഇളവ് നൽകുേമ്പാൾ ജനങ്ങൾ വ്യാപകമായി പുറത്തിറങ്ങുന്നത് രോഗവ്യാപനം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. കുട്ടികൾ അടക്കമുള്ളവർക്ക് സമ്പർക്കം വഴി രോഗം വരുന്നത് ആശങ്കയോടെയാണ് ജില്ല ഭരണകൂടം കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.