കണ്ണൂരിൽ സമ്പർക്ക വ്യാപനം സംസ്ഥാന ശരാശരിയുടെ ഇരട്ടി

കണ്ണൂർ: സമ്പർക്കം വഴി കോവിഡ് ബാധിച്ചവരുടെ എണ്ണം ജില്ലയിൽ സംസ്ഥാന ശരാശരിയേക്കാൾ ഇരട്ടി. സംസ്ഥാനത്ത് ശരാശരി 10 ശതമാനം പേർക്ക് സമ്പർക്കം വഴി രോഗമുണ്ടായപ്പോൾ ജില്ലയിൽ ഇത് 20 ശതമാനമാണ്. കണ്ണൂരിൽ നിലവിൽ ചികിത്സയിലുള്ള 99 പേരിൽ 19 പേർക്ക് സമ്പർക്കം വഴിയാണ് കോവിഡ് ബാധയുണ്ടായത്. രണ്ടു കുടുംബങ്ങളിൽ 10ലധികം പേർക്ക് രോഗബാധയുണ്ടായത് ആരോഗ്യ വകുപ്പ് ആശങ്കയോടെയാണ് കാണുന്നത്. കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ച ധർമടം സ്വദേശി ആസ്യയുടെ ഭർത്താവും മക്കളും അടക്കം 13 പേർക്കാണ് രോഗബാധയുണ്ടായത്. അഞ്ചുപേർ കുട്ടികളാണ്. തലശ്ശേരി മത്സ്യമാർക്കറ്റിൽ വ്യാപാരികളായ ആസ്യയുടെ ഭർത്താവിൽനിന്നോ മക്കളിൽനിന്നോ ആവാം കുടുംബത്തിൽ കോവിഡ് ബാധിച്ചതെന്നാണ് വിവരം. ഇവർക്ക് എങ്ങനെയാണ് കോവിഡ് പടർന്നതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. മഹാരാഷ്ട്ര പോലുള്ള സ്ഥലങ്ങളിൽനിന്നെത്തിയ മത്സ്യ ലോറികളിൽനിന്നാവാം കോവിഡ് പകർന്നതെന്ന സംശയത്തിലാണ് ആരോഗ്യ വകുപ്പ്. ഇവരുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട കോഴിക്കോട് ജില്ലയിലെ തൂണേരി സ്വദേശിയായ മത്സ്യവ്യാപാരിക്കും വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. മാർക്കറ്റ് അടക്കമുള്ള രോഗവ്യാപന സാധ്യതയുള്ള ഇടങ്ങളിൽ കർശന നിയന്ത്രണങ്ങളുണ്ടാവും. തുടർച്ചയായി കോവിഡ് പരിശോധനഫലം നെഗറ്റിവായി തുടർന്നിട്ടും രോഗം ഭേദമായി ആശുപത്രിവിട്ട ചെറുവാഞ്ചേരി സ്വദേശിയായ 82 കാരൻെറ കുടുംബത്തിലെ 10 പേർക്കാണ് വൈറസ് ബാധയുണ്ടായത്. വിദേശത്ത് നിന്നെത്തിയ മക്കളിൽനിന്നാവാം കോവിഡ് ബാധിച്ചതെന്നായിരുന്നു ആരോഗ്യ വകുപ്പിൻെറ നിഗമനം. ധർമടത്തെ കുടുംബത്തിൻെറ കോവിഡ് ബാധയുടെ ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പും സൈബർ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.