രാമന്തളിയിൽ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം

പയ്യന്നൂർ: താമസസ്ഥലത്തുനിന്നും ഒഴിഞ്ഞു പോകാൻ കരാറുകാരൻ ആവശ്യപ്പെടുന്നുവെന്നും അതിനാൽ നാട്ടിൽ പോകാൻ സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് രാമന്തളിയിൽ കുടിയേറ്റ തൊഴിലാളികൾ സംഘടിച്ച് പ്രതിഷേധിച്ചു. വിവരമറിഞ്ഞ് പയ്യന്നൂർ പൊലീസെത്തി പ്രശ്നം പരിഹരിച്ചു. ജോലിക്ക് പോകാൻ തയാറാകാത്തതിനെ തുടർന്നാണ് താമസം ഒഴിയാൻ ആവശ്യപ്പെട്ടതെന്ന് കരാറുകാരൻ അറിയിച്ചതോടെ പൊലീസ് ഇടപെട്ട് പ്രശ്നം തൊഴിലാളികളുമായി സംസാരിച്ച് പരിഹരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഏഴിമല നാവിക അക്കാദമിയിലെ കരാർ കമ്പനിക്ക് കീഴിൽ ജോലി ചെയ്യുന്ന 40ഓളം ബിഹാർ സ്വദേശികളായ കുടിയേറ്റ തൊഴിലാളികൾ സംഘടിച്ചത്. രാമന്തളി ഗ്രാമ പഞ്ചായത്ത് ഓഫിസിലെത്തിയ തൊഴിലാളികൾ, കരാറുകാരൻ താമസസ്ഥലം ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നാട്ടിലേക്ക് പോകാൻ സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് അധികൃതർ പയ്യന്നൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി, സംഘടിച്ച തൊഴിലാളികളെ താമസ സ്ഥലത്തേക്ക് മടക്കിയയച്ചു. തുടർന്ന് കരാറുകാരനെ വിളിച്ചുവരുത്തി കാര്യം അന്വേഷിച്ചപ്പോഴാണ്, നാവിക അക്കാദമിയിൽ നിർമാണ പ്രവൃത്തി ആരംഭിച്ചിട്ടും തൊഴിലാളികൾ ജോലിക്ക് പോകാൻ കൂട്ടാക്കുന്നില്ലെന്നും തുടർന്നാണ് താമസം ഒഴിയാൻ ആവശ്യപ്പെട്ടതെന്നും അറിയിച്ചത്. ലോക്ഡൗൺ സമയത്ത് തൊഴിലാളികൾക്ക് കൃത്യമായി ഭക്ഷണം നൽകിയിരുന്നുവെന്നും കരാറുകാരൻ അറിയിച്ചു. വ്യാഴാഴ്ച മുതൽ ജോലിക്ക് പോകാമെന്ന് തൊഴിലാളികളുടെ പ്രതിനിധികൾ ചർച്ചയിൽ അറിയിച്ചതോടെ പ്രശ്നത്തിന് പരിഹാരമാവുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.