കല്യാശ്ശേരി: മാങ്ങാട്ടുപറമ്പിൽ സ്ഥിതി ചെയ്യുന്ന കെൽട്രോൺ കോംപണൻറ് കോംപ്ലക്സ് ലിമിറ്റഡിൽ (കെ.സി.സി.എൽ) 2017 ഒക്ടോബറിനുമുമ്പ് സർവിസിൽനിന്ന് വിരമിച്ച തൊഴിലാളികൾക്ക് 2019 ഡിസംബർ മുതൽ നൽകിവരുന്ന ശമ്പള കുടിശ്ശികയുടെ വിതരണം സ്തംഭിച്ചു. ഏപ്രിൽ മാസത്തെ കുടിശ്ശിക ഇനിയും നൽകിയിട്ടില്ലെന്ന് കെൽട്രോൺ റിട്ടയറീസ് ഫോറം ഭാരവാഹികൾ അറിയിച്ചു. 2012 ഏപ്രിൽ മുതൽ പ്രാബല്യത്തിൽവന്ന ശമ്പള പരിഷ്കരണ കരാറിൻെറ ഭാഗമായാണ് കുടിശ്ശിക നൽകുന്നത്. അടിസ്ഥാന ശമ്പളത്തിൻെറ 85 ശതമാനമാണ് 12 ഗഡുക്കളായി വിതരണം ചെയ്യുന്നത്. 2017 നവംബറിലാണ് ശമ്പളപരിഷ്കരണ കരാർ നടപ്പാക്കിയത്. ഈ മാസത്തിനുമുമ്പ് വിരമിച്ച എല്ലാ തൊഴിലാളികളെയും ഒഴിവാക്കിയാണ് ആദ്യം കുടിശ്ശിക വിതരണം നടത്തിയത്. നിരന്തര പ്രക്ഷോഭങ്ങളുടെയും പലവട്ടം മാനേജ്മൻെറ് പ്രതിനിധികളുമായും വകുപ്പ് മന്ത്രിയുമായും നടത്തിയ ചർച്ചയുടെയും ഫലമായാണ് 2019 ഡിസംബർ മുതൽ 35 വർഷത്തിലധികം സ്ഥാപനത്തിൽ രാപ്പകൽ പണിയെടുത്ത തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക ലഭിച്ചുതുടങ്ങിയത്. അർഹമായ ആനുകൂല്യം ലഭിക്കാതെ ബുദ്ധിമുട്ടുന്ന തൊഴിലാളികളെ ഷോക്കേൽപിക്കുന്ന നടപടിയാണ് ഇപ്പോഴത്തേത്. ഈ കാലയളവിൽ വിരമിച്ചവരിൽ പലരും വിട്ടുപിരിയുകയും ചിലർ അവശതയിലുമാണ്. നാമമാത്രമായ സംഖ്യയാണ് ഇ.പി.എഫ് പെൻഷനിലൂടെ വിരമിച്ച തൊഴിലാളികൾക്ക് നിലവിൽ ലഭിക്കുന്നത്. മാനേജ്മൻെറ് നടപടിയിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. എന്നാൽ, കമ്പനി എം.ഡിയുടെ അനുവാദം ലഭിക്കാത്തതാണ് ആനുകൂല്യ വിതരണം തടസ്സപ്പെടാൻ കാരണമെന്നാണ് കമ്പനി അധികൃതർ നൽകുന്ന വിശദീകരണം. 2012 ഏപ്രിൽ മുതൽ നൽകേണ്ട ആനുകൂല്യങ്ങൾ 2019 ഡിസംബറിലാണ് കമ്പനി നൽകാൻ തയാറായത്. ഇതാണ് ഇപ്പോൾ അട്ടിമറിക്കപ്പെട്ടത് എന്നാണ് വിരമിച്ചവർ പറയുന്നത്. മാനേജ്മൻെറിൻെറ തൊഴിലാളിദ്രോഹ നടപടി അവസാനിപ്പിക്കണമെന്നും കുടിശ്ശിക വിതരണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വ്യവസായ മന്ത്രി, കെൽട്രോൺ ചെയർമാൻ എന്നിവർക്ക് കെൽട്രോൺ റിട്ടയറീസ് ഫോറം ഭാരവാഹികൾ നിവേദനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.