പൊലീസ് ജീപ്പിലിടിച്ച് നിർത്താതെപോയ ലോറി പിന്തുടർന്ന് പിടിച്ചു

കൂത്തുപറമ്പ്: പൊലീസ് ജീപ്പിലിടിച്ച് നിർത്താതെ പോയ ലോറി 22 കിലോമീറ്ററോളം പിന്തുടർന്ന് കൂത്തുപറമ്പ് പൊലീസ് പിടികൂടി. ലോറി ഡ്രൈവർ കണ്ണവം സ്വദേശി ദീപുവിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചക്ക് മൂന്നര മണിയോടെയാണ് സംഭവം. ഗുജറാത്തിൽനിന്ന് എത്തിയ ലോറി കാസർകോട്ട് ചരക്കിറക്കിയ ശേഷം മൂര്യാട് ഭാഗത്ത് എത്തുകയായിരുന്നു. റെഡ് സോണായ മൂര്യാട് അപ്രതീക്ഷിതമായി ലോറി കണ്ട നാട്ടുകാർ കൂത്തുപറമ്പ് പൊലീസിൽ വിവരമറിയിക്കുകയാണുണ്ടായത്. കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത ലോറി, പൊലീസ് നിർദേശത്തെ തുടർന്ന് ഡ്രൈവർ ദീപുവാണ് സ്റ്റേഷനിലേക്ക് ഓടിച്ചിരുന്നത്. പാലത്തുങ്കര ജങ്ഷനിൽ എത്തിയപ്പോൾ സ്റ്റേഷനിലേക്ക് ഓടിക്കുന്നതിന് പകരം ഡ്രൈവർ നിടുംപൊയിൽ ഭാഗത്തേക്ക് ഒാടിച്ചുപോവുകയായിരുന്നു. തൊക്കിലങ്ങാടിയിൽ നാനോ കാറും കണ്ണവം ടൗണിൽ പൊലീസ് ജീപ്പും ഇടിച്ചുതെറിപ്പിച്ചു. പാലാപ്പറമ്പ്, തൊക്കിലങ്ങാടി, ചിറ്റാരിപ്പറമ്പ് , കണ്ണവം, കോളയാട് ടൗണുകളിൽ സ്ഥാപിച്ച ബാരിക്കേഡുകളും ലോറി ഇടിച്ചുതെറിപ്പിച്ചിരുന്നു. കൂത്തുപറമ്പ് പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് കണ്ണവം, പേരാവൂർ പൊലീസും ലോറിയെ പിന്തുടർന്നിരുന്നു. 22 കിലോമീറ്ററോളം ഓടിയ ശേഷം നിടുംപൊയിലിൽവെച്ചാണ് മുഴക്കുന്ന് സി.ഐ പി.ആർ. മനോജിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലോറി കസ്റ്റഡിയിലെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.