കണ്ണൂർ: സംസ്ഥാനത്ത് ഈ വർഷം ഒരു കോടി വൃക്ഷത്തൈകൾ ഉൽപാദിപ്പിച്ച് നട്ടുപിടിപ്പിക്കണമെന്ന സംസ്ഥാന സർക്കാർ നിർദേശ പ്രകാരം ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും വൃക്ഷത്തൈകൾ തയാറാക്കുന്ന തിരക്കിലാണ്. നാടൻ മരങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും തൈകളാണ് ഉൽപാദിപ്പിക്കുന്നതിൽ ഏറെയും. വനം വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗവും തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരുമൊക്കെയാണ് കഴിഞ്ഞ വർഷങ്ങളിൽ വൃക്ഷത്തൈ നഴ്സറികൾ തയാറാക്കിയത്. ലോക്ഡൗൺ നിമിത്തം തൊഴിലുറപ്പ് പ്രവർത്തകർക്ക് നഴ്സറി തയാറാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഹരിത കേരളം മിഷൻ പുതിയ വഴികൾ തേടിയത്. ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വീടുകളിൽ തൈകൾ ഉൽപാദിപ്പിക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്. ജില്ലയിലാകെ ഇതിനകം നാലുലക്ഷം തൈകൾ ഉൽപാദിപ്പിക്കാനുള്ള വിത്തുകൾ പാകിയതായാണ് ഹരിത കേരളം മിഷൻെറ കണക്ക്. കുടുംബശ്രീ, ക്ലബുകൾ, വായന ശാലകൾ, പുരുഷ സംഘങ്ങൾ, ഹരിതസേന തുടങ്ങിയവയുടെ സഹകരണത്തോടെയാണ് വിവിധ പഞ്ചായത്തുകളിൽ വിത്തുകൾ ശേഖരിച്ച് വീടുകളിൽ തൈകൾ തയാറാക്കുന്നത്. ഒരുലക്ഷം തൈകൾ പായത്തുനിന്ന്; പടിയൂരിൽനിന്ന് അര ലക്ഷം വൃക്ഷത്തൈ ഉൽപാദനം വീടുകൾ തമ്മിലുള്ള സൗഹൃദ മത്സരമായി മാറ്റി ചരിത്രം സൃഷ്ടിക്കാനുള്ള തിരക്കിലാണ് പടിയൂർ. മുഖ്യമന്ത്രിയുടെ ഹരിത കേരളം അവാർഡ് നേടിയ ഗ്രാമ പഞ്ചായത്താണ് പടിയൂർ. പ്ലാവ്, മാവ്, പുളി, ചാമ്പ, പപ്പായ, നെല്ലി, പേര, സപ്പോട്ട തുടങ്ങിയവയുടെ തൈകളാണ് വീടുകളിൽ ഉൽപാദിപ്പിക്കുന്നത്. തുണി, പാള എന്നിവ ഉപയോഗിച്ചാണ് കൂട തയാറാക്കുന്നത്. ചിരട്ട, ചകിരി എന്നിവയും ഉപയോഗിക്കുന്നു. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. 50000 തൈകൾ മുളപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 30000 തൈകൾ വീടുകളിൽ നടുന്നതിനും ബാക്കി പൊതു, പുറമ്പോക്ക് സ്ഥലങ്ങളിൽ നടുന്നതിനുമാണ് ലക്ഷ്യമിടുന്നത്. പരിയാരം പഞ്ചായത്ത് ഗ്രാമത്തിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കാൽ ലക്ഷം തൈകൾ ഉൽപാദിപ്പിക്കാനുള്ള ഒരുക്കങ്ങൾക്കാണ് തുടക്കം കുറിച്ചത്. പായം ഈ വർഷം ഉൽപാദിപ്പിക്കുന്നത് ഒരു ലക്ഷം വൃക്ഷത്തൈകളാണ്. സ്കൂൾ വിദ്യാർഥികൾ, കർഷക സംഘടനകൾ എന്നിവയുടെ സഹകരണത്തോടുകൂടിയാണ് വൃക്ഷത്തൈ ഉൽപാദനം. തുണികൊണ്ടുള്ള നഴ്സറി ബാഗുകളിലാണ് ഭൂരിഭാഗം തൈകളും ഒരുങ്ങുന്നത്. തുണികൊണ്ടുള്ള ബാഗുകൾ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്ന ഹരിതസംരംഭങ്ങളും ജില്ലയിൽ ഇതിനകം പ്രവർത്തനം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.