കൃഷി വ്യാപന പദ്ധതിയുമായി കൂത്തുപറമ്പ് നഗരസഭ

കൂത്തുപറമ്പ്: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കാർഷിക വ്യാപന പദ്ധതിക്ക് ചലഞ്ചുമായി കൂത്തുപറമ്പ് നഗരസഭ. തരിശ്ശായിക്കിടന്ന ഹെക്ടർ കണക്കിന് നിലങ്ങൾ കൃഷിയോഗ്യമാക്കിയാണ് നഗരസഭ ചലഞ്ച് ഏറ്റെടുത്തത്. കോവിഡ് കാലത്തെ മറികടക്കാൻ കാർഷിക മേഖലയെ പരമാവധി ശക്തിപ്പെടുത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയൻെറ നിർദേശം ഉൾക്കൊണ്ടാണ് പദ്ധതിയുമായി അധികൃതർ രംഗത്തെത്തിയത്. ആമ്പിലാട്, നരവൂർ, തൃക്കണ്ണാപുരം ഭാഗങ്ങളിലായി അഞ്ച് ഹെക്ടറോളം തരിശുഭൂമി കൃഷിയോഗ്യമാക്കിയാണ് നഗരസഭാധികൃതർ മുഖ്യമന്ത്രിയുടെ ചലഞ്ച് ഏറ്റെടുക്കുന്നത്. നെല്ലിന് പുറമെ മരച്ചീനി, വിവിധതരം പച്ചക്കറികൾ എന്നിവയാണ് കൃഷിയിറക്കുക. ആമ്പിലാട് പുതിയാണ്ടിക്കാവിന് സമീപത്തെ പഴശ്ശി കനാൽ പാലത്തിനിടയിലെ മണ്ണ് നീക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു. ഉടൻ കൃഷി ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം. സുകുമാരൻ പറഞ്ഞു. വൻതോതിൽ മണ്ണ് അടിഞ്ഞുകൂടിയതിനെ തുടർന്ന് ആമ്പിലാട് ഭാഗത്തെ ഏക്കർകണക്കിന് സ്ഥലം വർഷങ്ങളായി തരിശ്ശായിക്കിടക്കുകയായിരുന്നു. ആമ്പിലാട് പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് കൃഷിയിറക്കുക. നെല്ല്, പച്ചക്കറി എന്നിവ മികച്ച രീതിയിൽ കൃഷി ചെയ്യാൻ സാധിക്കുമെന്ന് കർഷകരും സാക്ഷ്യപ്പെടുത്തുന്നു. നരവൂർ,തൃക്കണ്ണാപുരം മേഖലയിലും തരിശു നിലങ്ങൾ കണ്ടെത്തി കൃഷിയിറക്കാനുള്ള നടപടികളും അധികൃതർ ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.