നന്ദി, ഞങ്ങൾ വീണ്ടും വരും...

കണ്ണൂർ: നിറഞ്ഞമനസ്സോടെ അവർ സ്വന്തം നാട്ടിലേക്കു മടങ്ങി. യാത്രതിരിക്കുേമ്പാൾ അവർ കണ്ണൂരിനോട് നന്ദിപറയാൻ മടിച്ചില്ല. കണ്ണൂർ നൽകിയ സ്നേഹം നെഞ്ചോടുചേർത്ത് അവർ പറഞ്ഞു, എല്ലാം ശരിയായാൽ തീർച്ചയായും മടങ്ങിവരും. ലോക്ഡൗൺ പശ്ചാത്തലത്തില്‍ നാട്ടില്‍ പോകാനാവാതെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ 450 അന്തർസംസ്ഥാന തൊഴിലാളികള്‍കൂടി ബുധനാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങിൽനിന്ന് വീടുകളിലേക്കു മടങ്ങി. മധ്യപ്രദേശ് സ്വദേശികളായ തൊഴിലാളികളാണ് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട ട്രെയിനില്‍ യാത്രതിരിച്ചത്. ജില്ലയിലെ 25 തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള 450 പേരെ 15 കെ.എസ്.ആര്‍.ടി.സി ബസുകളിലായാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്. ഭക്ഷണപ്പൊതിയും കണ്ണൂർ ജില്ല ഭരണകൂടം നല്‍കിയിരുന്നു. ഒരു ബസില്‍ 30 പേരെയാണ് കൊണ്ടുപോയത്. യാത്ര തിരിക്കുംമുമ്പ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങില്‍നിന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇവരെ പരിശോധനക്കു വിധേയമാക്കുകയും രോഗലക്ഷണങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു വ്യാഴാഴ്ച ഉത്തര്‍ പ്രദേശിലേക്കും വെള്ളിയാഴ്ച ഝാര്‍ഖണ്ഡിലേക്കും ജില്ലയില്‍ നിന്നുള്ള 1140 വീതം തൊഴിലാളികള്‍ യാത്രതിരിക്കും. കഴിഞ്ഞ ഞായറാഴ്ച കണ്ണൂരില്‍നിന്ന് ബിഹാറിലേക്കുള്ള ട്രെയിനില്‍ 1140 പേര്‍ നാട്ടിലേക്കു മടങ്ങിയിരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഓരോ സംസ്ഥാനങ്ങളിലേക്കും പോവേണ്ട അന്തർസംസ്ഥാന തൊഴിലാളികളെ കണ്ടെത്തി പട്ടിക തയാറാക്കുകയും അവരെ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.