65 വയസ്സിന്​ മേൽ പ്രായമുള്ളവരെ ​തൊഴിലുറപ്പ്​ ജോലി ചെയ്യിക്കരുത്​

കോഴിക്കോട്: കോവിഡ്കാലത്ത് നഗരസഭകളിൽ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതികൾ നടപ്പാക്കുന്നത് സംബന്ധിച്ച് പുതിയ മാർഗനിർദേശം പുറത്തിറക്കി. 65 വയസ്സിന് മേൽ പ്രായമുള്ളവരെ തൊഴിലുറപ്പ് ജോലി ചെയ്യിക്കരുതെന്ന് മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. ഹോട്സ്പോട്ടല്ലാത്ത നഗരസഭകളിൽ തൊഴിലുറപ്പ് പദ്ധതികൾ കർശനമായ ചിട്ടകൾ പാലിച്ച് നടപ്പാക്കാമെന്ന് തദ്ദേശസ്വയംഭരണ വകുപ്പിൻെറ ഉത്തരവിൽ പറയുന്നു. ലോക്ഡൗൺ കാരണം കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലേബർ ബജറ്റും ആക്ഷൻപ്ലാനും സംസ്ഥാന കൗൺസിലിൻെറ അംഗീകാരത്തിനായി നഗരസഭകൾക്ക് സമർപ്പിക്കാനായിരുന്നില്ല. തുടർന്ന് സ്പിൽഓവർ പദ്ധതികളായി ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങാൻ അനുമതി നൽകിയിരുന്നു. എല്ലാ നഗരസഭകളും മഴക്കാലപൂർവ ശുചീകരണവും മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്താൻ മുൻഗണന നൽകണമെന്ന് സർക്കാർ ഉത്തരവിൽ നിർദേശിക്കുന്നു. പകർച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള 'ആരോഗ്യ ജാഗ്രത'പരിപാടിക്ക് തുക വിനിയോഗിക്കുന്നതിന് അംഗീകാരം ലഭിച്ച ലേബർ ബജറ്റുകളിൽ നഗരസഭകൾക്ക് മാറ്റം വരുത്താവുന്നതാണ്. പുതുതായി ഏതെങ്കിലും പ്രദേശം ഹോട്സ്പോട്ടിൽ ഉൾപ്പെട്ടാൽ അവിടെ പ്രവൃത്തി നടത്തരുത്. തൊഴിലാളികൾ ശാരീരിക അകലം പാലിക്കണം. അനൗപചാരിക കൂടിച്ചേരൽ ഒഴിവാക്കണമെന്ന് മാർഗനിർദേശത്തിൽ പ്രത്യേകം നിർദേശിക്കുന്നു. മുഖാവരണവും കൈയുറയും നിർബന്ധമായും ധരിക്കണം. അഞ്ച് പേരിൽ കൂടുതൽ കൂട്ടംകൂടി നിൽക്കരുത്്. തൊഴിൽ തുടങ്ങുന്നതിന് മുമ്പും ഇടവേളകളിലും ജോലിക്ക് ശേഷവും വീട്ടിലെത്തിയിട്ടും കൈകൾ സോപ്പുപയോഗിച്ച് കഴുകണമെന്നും നിർദേശമുണ്ട്. തൊഴിലുറപ്പ് നടക്കുന്ന സ്ഥലങ്ങളിൽ സോപ്പും വെള്ളവും വേണം. കോവിഡ് രോഗിയുമായി ബന്ധമുള്ളവർ ജോലിക്ക് വരരുതെന്നും തദ്ദേശസ്വയംഭരണ വകുപ്പ് നഗരസഭ അധികാരികൾക്ക് നിർദേശം നൽകി. ജില്ലയില്‍ പിടികൂടിയത് 22,775 ലിറ്റര്‍ വാഷ് കോഴിക്കോട്: ലോക്ഡൗണിനു ശേഷം ജില്ലയില്‍ എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ പിടികൂടിയത് 22, 775 ലിറ്റര്‍ വാഷും 124 ലിറ്റര്‍ വ്യാജചാരായവും ഒരു കിലോ കഞ്ചാവും. അബ്കാരി നിയമപ്രകാരം 130 കേസുകളിലായി 31 പേരെ അറസ്റ്റ് ചെയ്തു. മദ്യശാലകള്‍ പൂട്ടിയ പശ്ചാത്തലത്തില്‍ വ്യാജ ചാരായം നിര്‍മിക്കുന്നത് വര്‍ധിക്കുന്നതിനാല്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്. ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ വി.ആര്‍. അനില്‍കുമാറിൻെറ നേതൃത്വത്തില്‍ ജില്ലയിലെ ആറ് സ്‌ക്വാഡുകള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്. താലൂക്ക് തലത്തില്‍ ഒരു കണ്‍ട്രോള്‍ റൂമും കലക്ടറേറ്റില്‍ വിമുക്തി ഹെല്‍പ് ഡെസ്‌ക്കും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ പറഞ്ഞു. മദ്യ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച ആറ് പേരെ ആശുപത്രിയിലാക്കി. ഇതില്‍ നാല് പേരെ ഡിസ്ചാര്‍ജ് ചെയ്തു. വിമുക്തി ഹെല്‍പ് ഡെസ്‌കിലൂടെ സൗജന്യമായി കൗണ്‍സലിങ് നല്‍കുന്നുണ്ട്. സേവനം ആവശ്യമായി വരുന്നവര്‍ക്ക് 9188468494 എന്ന നമ്പറില്‍ വിളിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.