ഘാനയിൽ ഫറോക്ക് സ്വദേശിയുടെ മരണം: എം.കെ. രാഘവൻ എം.പി കത്തയച്ചു

ഫറോക്ക്: പശ്ചിമാഫ്രിക്കയിലെ ഘാനയിൽ മരിച്ച ഫറോക്ക് സ്വദേശിയുടെ കുടുംബത്തെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി, ഹൈകമീഷണർ, വിദേശകാര്യ സെക്രട്ടറി എന്നിവർക്ക് എം.കെ. രാഘവൻ എം.പി കത്തയച്ചു. നല്ലൂർ പിരിയാരത്ത് പുല്ലൂർതൊടി ദേവദാസൻെറ മകൻ ബാലുവാണ് (40) കഴിഞ്ഞ മാസം 24ന് ഘാനയുടെ തലസ്ഥാന നഗരിയായ ആക്രക്ക് സമീപം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. വർക്ഷോപ് ജീവനക്കാരനായിരുന്ന ഇദ്ദേഹം നാലുവർഷമായി ഘാനയിലായിരുന്നു. ആറുമാസം മുമ്പ് എത്തിയതാണ് കുടുംബം. അനാഥരായതോടെ ഭാര്യ നീതുവും മകൾ രുദ്രാ ലക്ഷ്മിയും ചില മലയാളികളുടെ സംരക്ഷണത്തിലാണുള്ളത്. കോവിഡ് ലോക്ഡൗൺ കാരണം ബാലുവിൻെറ മൃതദേഹം നാട്ടിലേക്കെത്തിക്കാനായില്ല. പ്രയാസത്തിലകപ്പെട്ട കുടുംബത്തിന് മതിയായ സംരക്ഷണം നൽകി എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്നാണ് എം.പി, വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യൻ ജയ്ശങ്കർ, ഹൈകമീഷണർ സുഗന്ധ് രാജാറാം, സെക്രട്ടറി ഹർഷ് വർധൻ സിംഗ്ല എന്നിവർക്കെഴുതിയത്. ഇതിനുള്ള മറുപടിയിൽ, തങ്ങൾ പ്രസ്തുത കുടുംബത്തിന് സഹായവുമായി നിത്യസമ്പർക്കം പുലർത്തുന്നതായും സാഹചര്യം അനുവദിക്കുന്ന ഏറ്റവും അടുത്ത സമയത്തുതന്നെ അവരെ നാട്ടിലെത്തിക്കാൻ ശ്രമിക്കുകയാണെന്നും ഹൈകമീഷൻ മറുപടി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.