ബാലുശ്ശേരി: ബാലുശ്ശേരി മുക്കിലെ ലോഡ്ജ് മുറിയിൽ ചാരായം നിർമിക്കുന്നതിനിടെ മൂന്നുപേർ അറസ്റ്റിൽ. ആധുനിക സൗകര്യ ങ്ങൾ ഉപയോഗിച്ച് ചാരായം വാറ്റിയ ഇടുക്കി രാജാക്കാട് കണ്ടത്തിൽ പറമ്പിൽ വിപിൻകുമാർ (30), പനങ്ങാട് തിരുവാഞ്ചേരി പൊയിൽ വടക്കേടത്ത് റിജേഷ് (36), തിരുവാഞ്ചേരി പൊയിൽ കാവുംപുറത്ത് അശ്വന്ത് മിഥുൻ (29) എന്നിവരെയാണ് താമരശ്ശേരി എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇവർ താമസിച്ച മുറിയിൽനിന്ന് എട്ടുലിറ്റർ ചാരായവും എട്ടുലിറ്റർ വാഷും വാറ്റാൻ ഉപയോഗിച്ച ഗ്യാസ് അടുപ്പ്, കുക്കർ എന്നിവയും കണ്ടെടുത്തു. വിപിൻ കുമാർ 10 വർഷമായി ലോഡ്ജിനോടനുബന്ധിച്ച ഹോട്ടലിലെ ജീവനക്കാരനാണ്. വിപിൻ താമസിക്കുന്ന മുറിയിലാണ് മറ്റു രണ്ടുപേരും ചേർന്ന് ചാരായം വാറ്റിയത്. സ്വന്തം ഉപയോഗത്തിനും പുറത്ത് വിൽക്കാനുമാണ് ചാരായം നിർമിച്ചതെന്ന് പ്രതികൾ പറഞ്ഞു. പേരാമ്പ്ര ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഐ.ബി പ്രിവൻറിവ് ഓഫിസർ യു.പി. മനോജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കഴിഞ്ഞദിവസം രാത്രി റെയ്ഡ് നടത്തിയത്. താമരശ്ശേരി റേഞ്ച് പ്രിവൻറിവ് ഓഫിസർമാരായ പി.കെ. അനിൽകുമാർ, എൻ. രാജു, ഇൻറലിജൻസ് പ്രിവൻറിവ് ഓഫിസർ ചന്ദ്രൻ കുഴിച്ചാലിൽ, സി.ഇ.ഒമാരായ ശ്യാം പ്രസാദ്, ദീപേഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു. വാഷും വാറ്റുപകരണങ്ങളും പിടികൂടി നന്മണ്ട: കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സുഗുണൻെറ നേതൃത്വത്തിൽ നന്മണ്ട, പൊയിൽതാഴം, ആലിൻചുവട് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ആശാരുകണ്ടി ഭാഗത്ത് ആൾപ്പാർപ്പില്ലാത്ത ഷെഡിൽ സൂക്ഷിച്ച 130 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. പ്രതിയെപ്പറ്റി സൂചന ലഭിച്ചതായി അധികൃതർ അറിയിച്ചു. ഈ പ്രദേശത്ത് വാറ്റ് സജീവമാണെന്ന പരാതിയിൽ എക്സൈസ് പരിശോധന ശക്തമാക്കിയിരുന്നു. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫിസർമാരായ എൻ.കെ. ഷബീർ, ഡി.എസ്. ദീലിപ്കുമാർ, മനോജ് എന്നിവർ പങ്കെടുത്തു. ആരോഗ്യ പ്രവർത്തകരെ ആദരിച്ചു ബാലുശ്ശേരി: കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരെ ആശുപത്രിയിലെത്തി ആദരിച്ചു. പനങ്ങാട് പഞ്ചായത്തിലെ കണ്ണാടിപ്പൊയിലിൽ സ്ഥിതി ചെയ്യുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. അഫ്സൽ, ഡോ. വിപിൻ, സിസ്റ്റർ ഡിനി എന്നിവരെ ബി.ജെ.പി ഉത്തരമേഖല സെക്രട്ടറി എൻ.പി. രാമദാസ്, ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡൻറ് ബബീഷ് ഉണ്ണികുളം, സെക്രട്ടറി എൻ.പി. രവീന്ദ്രൻ, പനങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ടി.വി. പ്രജീഷ് എന്നിവർ പൊന്നാടയണിച്ച് ആദരിച്ചു. ബൂത്ത് പ്രസിഡൻറ് മണികുമാർ, ഷൈജു കണ്ണാടിപ്പൊയിൽ, അതുൽ സായ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.