പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ... പ്രതിയെ കണ്ട് അമ്പരന്ന് നാട്ടുകാർ

പന്തീരാങ്കാവ്: പെരുമണ്ണയിലും പരിസരങ്ങളിലും ദിവസങ്ങളുടെ ഇടവേളകളിൽ നിരവധി മോഷണം നടത്തിയ കേസിൽ പൊലീസ് പിടിയില ായ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാർക്ക് അമ്പരപ്പും ആശ്ചര്യവും. വ്യാഴാഴ്ച പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത നൂറോളം മോഷണ കേസുകളിലെ പ്രതി അനസ് (32) എന്ന ഹുണ്ടായ് അനസ് ഏറെ വർഷങ്ങളായി പെരുമണ്ണയിലും സമീപ പ്രദേശങ്ങളിലും ഫ്ലാറ്റുകളിലും വാടക വീടുകളിലുമായി താമസക്കാരനാണ്. പിടിയിലാവുമ്പോൾ പാറക്കണ്ടത്തിലെ സ്വകാര്യ ഫ്ലാറ്റിലായിരുന്നു താമസം. പന്തൽ പണി ഉൾപ്പെടെയുള്ള ജോലികൾക്ക് പോയിരുന്ന പ്രതി ഇതിനിടയിലാണത്രെ മോഷണത്തിനുള്ള സ്ഥലം കണ്ടെത്തിയിരുന്നത്. പാറക്കണ്ടത്തിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി ആഭരണങ്ങൾ കവർന്ന വീടിനടുത്തും ഇയാൾ വിവാഹ പന്തലൊരുക്കാനെത്തിയിരുന്നു. അടുത്തടുത്ത ദിവസങ്ങളിലാണ് സമീപത്തെ നിരവധി വീടുകളിൽ മോഷണവും മോഷണശ്രമങ്ങളും ആവർത്തിച്ചത്. സ്ഥിരം ലഹരി ഉപഭോക്താവായിരുന്ന പ്രതി ഇടക്കിടെ ജയിലിൽ കഴിയാറുള്ളത് അറിയാമെങ്കിലും ഇത് ലഹരി കേസുകളിലാണെന്ന ധാരണയായിരുന്നു നാട്ടുകാർക്ക്. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ തുടങ്ങിയ ശേഷം പെരുമണ്ണ, പാറക്കണ്ടം, വെള്ളായിക്കോട് ഭാഗങ്ങളിൽ തുടർച്ചയായി നടന്ന മോഷണങ്ങളിൽ പ്രതിയെ പിടികൂടാനാവാത്തതിൽ പൊലീസിനെതിരെ വിമർശമുയർന്നിരുന്നു. നിർബാധം നടക്കുന്ന മോഷണം നാട്ടുകാരിൽ ഭീതിയും വളർത്തി. മാസങ്ങൾക്കു ശേഷമാണെങ്കിലും പ്രതിയെ പിടികൂടാനായതിൻെറ ആശ്വാസത്തിലാണ് പൊലീസും നാട്ടുകാരും. സമാന കേസുകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനിടെ സംശയകരമായ സാഹചര്യത്തിൽ കണ്ട പ്രതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മോഷണ കേസുകൾക്ക് തുമ്പായത്. നാല് കേസുകളിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.