വലിയമലയിലെ പ്രകമ്പനം, ആശങ്ക വേണ്ടെന്ന് വിദഗ്ധ സംഘം

വടകര: വില്യാപ്പള്ളി പഞ്ചായത്തിലെ വലിയമലയില്‍ അനുഭവപ്പെട്ട പ്രകമ്പനങ്ങളില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന ് സ്ഥലം സന്ദര്‍ശിച്ച ജിയോളജി സംഘം. പ്രാഥമിക പരിശോധനയിലും വിലയിരുത്തലിലും ഭൗമികമായ ഒരു പ്രതിഭാസവും മേഖലയിലുണ്ടായിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്ന് ജിയോളജിസ്റ്റ് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. പാറക്കല്‍ അബ്ദുല്ല എം.എല്‍.എയോടൊപ്പമാണ് ജിയോളജി, റവന്യൂ വിഭാഗം വലിയ മലയിലെത്തിയത്. മൂന്നു തവണയായാണ് വലിയ മലയുടെ താഴ്വവാരത്തെ 40 വീടുകളിൽ പ്രത്യേക ശബ്ദം കേട്ടത്. രാത്രിയും പുലര്‍ച്ചെയുമായി ടെറസില്‍ മുഴക്കത്തോടെ ഏതോ തരത്തിലുള്ള വസ്തു വന്നു പതിക്കുന്നതായാണ് അനുഭവപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പാറക്കല്‍ അബ്ദുല്ല വിഷയം അധികൃതരുടെ സത്വരശ്രദ്ധയില്‍ പെടുത്തിയതുപ്രകാരമാണ് ജിയോളജിസ്റ്റ് ഇബ്രാഹിം കുഞ്ഞ്, അസിസ്റ്റൻറ് ജിയോളജിസ്റ്റ് പി.വി. രശ്മി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയത്. സംഘം വലിയ മലയുടെ ഉച്ചിയില്‍ വരെ പരിശോധന നടത്തി. ഭൂമി കുലുക്കമോ മണ്ണിടിയലോ പോലെയുള്ള ഭൂമിശാസ്ത്രപരമായ പ്രതിഭാസങ്ങളൊന്നും പ്രദേശത്ത് നടന്നിട്ടില്ലെന്ന് സംഘം വിലയിരുത്തി. ഒരു സ്ഥലത്തും വിള്ളലുകളോ മറ്റോ രൂപപ്പെട്ടിട്ടില്ല. ഉറച്ച മണ്ണുള്ള പ്രദേശമാണ് വലിയമല. സ്ഥലത്ത് അടുത്തകാലത്തായി ഭൂമിയുടെ ആവാസ വ്യവസ്ഥയെ ബാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ല. അതേസമയം, അന്തരീക്ഷത്തിലുണ്ടായ ഏതെങ്കിലും മാറ്റത്തിൻെറ ഫലമായാണ് ശബ്ദമുണ്ടായതെന്ന സംശയം സംഘം പ്രകടിപ്പിക്കുകയുണ്ടായി. മാവൂര്‍ ഭാഗത്ത് സമാനമായ രീതിയിലുള്ള സംഭവം നടന്നിരുന്നു. അതേസമയം, ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നരീതിയിലുള്ള ഇടപെടലിന് നേതൃത്വം നല്‍കുമെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പറഞ്ഞു. പ്രതിഭാസത്തെ കുറിച്ച് തുടര്‍പഠനങ്ങള്‍ ആവശ്യമാണെങ്കില്‍ അതിന് നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മോഹനന്‍, തഹസില്‍ദാര്‍ കെ.കെ. രവീന്ദ്രന്‍, വില്ലേജ് ഓഫിസർ സുജിത് കുമാര്‍, സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ ടി.പി. അനീഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് വലിയമല സന്ദര്‍ശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.