ഒരു വർഷത്തിനകം ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കും -മന്ത്രി കെ.കെ. ശൈലജ ടീച്ചർ

മേപ്പയൂർ: വർഷത്തിനകം ആരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. പകർച്ചവ്യാധി രോഗങ്ങളും ജീവിതശൈലി രോഗങ്ങളുമാണ് കേരളത്തിലെ ആരോഗ്യമേഖല നേരിടുന്ന വലിയ വെല്ലുവിളി. പ്രൈമറി ഹെൽത്ത് കെയർ സംവിധാനം ശക്തിപ്പെടുത്തിയും ആധുനിക സൗകര്യങ്ങൾ ഉറപ്പുവരുത്തിയും പാവപ്പെട്ട രോഗികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനുണ്ടെന്നും തനതു ഫണ്ടിൽനിന്ന് പണം നീക്കിവെക്കാനും അവശ്യം വരുന്ന ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് ഉൾപ്പെടെയുള്ള സ്റ്റാഫിനെ നിയമിക്കാൻ കഴിയുമെന്നും ശൈലജ ടീച്ചർ പറഞ്ഞു. മേപ്പയൂർ ഗവ. ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. അശ്വമേധം കുഷ്ഠരോഗ നിർണയ കാമ്പയിൻ രണ്ടാംഘട്ടം മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ എം.പി മുഖ്യാതിഥിയായി. മെഡിക്കൽ ഓഫിസർ ഡോ. കെ. മഹേഷ്, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജയശ്രീ, ജില്ല പഞ്ചായത്ത് സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൻ സുജാത മനക്കൽ, പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന, ഡോ. എ. നവീൻ, ഡോ. ആശ ദേവി, ഇ. കുഞ്ഞിക്കണ്ണൻ, കെ.ടി. രാജൻ, ഇ. ശ്രീജയ, യൂസുഫ് കോറോത്ത്, ഷർമിന കോമത്ത്, വി.പി. രമ എന്നിവർ സംസാരിച്ചു. ഘോഷയാത്രയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.