കോഴിക്കോട്: 'അറ്റമില്ലാത്തൊരു ജീവിതത്തിൽ ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല' -ഒറ്റപ്പെടലിൻെറ വേദനയാണ് പലരെയും ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് പറയുകയാണ് തണൽ ആത്മഹത്യ പ്രതിരോധ കേന്ദ്രത്തിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തെരുവു നാടകം 'ഹുന്ത്രാപ്പി ബുസാേട്ടാ'. പലരും ആത്മഹത്യ ചെയ്യുന്നത് എന്തിനാണെന്ന് ബന്ധുക്കൾക്ക് അറിയില്ല. അവരുടെ ഒറ്റപ്പെടലുകളും വേദനകളും അറിയില്ല. ആത്മഹത്യ ചെയ്തവരുടെ ബന്ധുക്കൾ അനുഭവിക്കുന്ന വേദനയും നിസ്സാരമെന്ന് തള്ളിക്കളയുന്ന പ്രശ്നങ്ങളുടെ ആഴവും വ്യക്തമാക്കുന്ന തരത്തിൽ ആത്മഹത്യ ചെയ്തവരുടെ ആത്മാക്കളുമായി ബന്ധുക്കളും പരിചയക്കാരും നടത്തുന്ന സംഭാഷണങ്ങളിലൂടെയാണ് നാടകം പുരോഗമിക്കുന്നത്. ഇരുനില മാളികവീടും കാറുമെല്ലാം ഉള്ള 28കാരൻ ആത്മഹത്യ ചെയ്തത് കടം വീട്ടാൻ മറ്റു വഴികളില്ലാത്തതിനാലാണെന്ന് വൃദ്ധനായ പിതാവിനോട് പറയുന്നു. തൻെറ കുഞ്ഞു മക്കളെ കൊന്നത് അവർ തെരുവിലൂടെ അലയുന്നത് കാണാതിരിക്കാനാണെന്നും യുവാവ് വിലപിക്കുന്നു. 18കാരൻ വിദ്യാർഥി മരിച്ചത് മാതാപിതാക്കളുടെ സമ്മർദം താങ്ങാനാവാതെയാണെന്ന് അധ്യാപകനോട് പറയുന്നു. ജീവിതം മടുത്തിട്ടല്ല എൻട്രൻസ് ജയിച്ചില്ലെങ്കിൽ ആത്മഹത്യ െചയ്യുമെന്ന അമ്മയുടെ ഭീഷണിയെ ഭയന്ന് രക്ഷിതാക്കളുടെ താൽപര്യങ്ങൾ ഹനിച്ചുകൊണ്ട് ജീവിക്കേണ്ടെന്ന തീരുമാനത്തിൽ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. സംസാരിക്കാൻ ആളില്ലാത്തതിനാൽ, വേദനകളും വിഷമങ്ങളും കേൾക്കാനും പങ്കുവെക്കാനും ആളില്ലാത്തതിനാൽ ചെറുപ്രായത്തിൽ ഹോമിക്കപ്പെട്ട ജീവനുകളെ കുറിച്ചാണ് നാടകം പറയുന്നത്. ആത്മഹത്യ പ്രതിരോധ ദിനത്തിൽ 'തണൽ' ആത്മഹത്യ പ്രതിരോധ കേന്ദ്രത്തിൻെറ ആഭിമുഖ്യത്തിൽ നടത്തുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി കോഴിക്കോട് ശ്രദ്ധയിലെ കലാകാരന്മാരാണ് നാടകം അവതരിപ്പിച്ചത്. മെഡിക്കൽ കോളജ് ജങ്ഷനിലും മൊഫ്യൂസൽ ബസ്സ്റ്റാൻഡിലും കടപ്പുറത്തും നാടകം അവതരിപ്പിച്ചു. ബീച്ചില്‍ നടന്ന പരിപാടി ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ബ്രാഞ്ച് പ്രസിഡൻറ് ഡോ. എം.ടി. ഹാരിഷ് ഉദ്ഘാടനം ചെയ്തു. ഡോ. എ.കെ. അബ്ദുൽ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഡോ. വിജയറാം രാജേന്ദ്രന്‍, ഡോ. പി.എന്‍. സുരേഷ്‌കുമാര്‍, ഡോ. റോയ് വിജയന്‍, ഡോ. പി.എന്‍. മിനി, കെ.എം. സലാം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.