കക്കോടി: അധികൃതർ അറിയാതെ ടെൻഡർ നൽകിയത് വിവാദമാകുന്നു. കക്കോടി ജി.എൽ.പി സ്കൂളിൻെറ മേൽക്കൂര പൊളിച്ച മരത്തടികൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഗ്രാമപഞ്ചായത്ത് അറിയാതെ വില കുറച്ച് ടെൻഡർ തുക തീരുമാനിക്കുകയും ഭരണസമിതിയിൽ അജണ്ടയായി വന്നതുമാണ് വിവാദമാകുന്നത്. പ്രസിഡേൻറാ സെക്രട്ടറിയോ വാർഡ് മെംബറോ സ്കൂൾ പ്രധാനാധ്യാപികയോ അറിയാതെയാണ് ടെൻഡർ ഉറപ്പിച്ചതത്രെ. വൻ വിലയുള്ള മരത്തിൻെറ പണിത്തരങ്ങൾക്ക് 16,000 രൂപയാണ് മുഖവില നൽകിയതെങ്കിലും 4600 രൂപക്കാണ് ടെൻഡർ ഉറപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് അറിയാതെ പാസ്വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്താണ് പഞ്ചായത്ത് ഭരണസമിതിയുടെ പതിമൂന്നാമത്തെ അജണ്ടയായി ടെൻഡർ അനുമതിക്കുള്ള അപേക്ഷ കൊണ്ടുവന്നത്. ഗ്രാമപഞ്ചായത്ത് ഓഫിസിൽ സ്വാധീനമുള്ളവരുടെ ഇടപെടലാണ് ക്രമക്കേടിനും അഴിമതിക്കും കാരണമായത്. ടെൻഡറിനെ കുറിച്ച് അറിയില്ലെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞതോടെയാണ് തൻെറ പാസ് വേർഡും ഐഡിയും ദുരുപയോഗം ചെയ്തത് ബോധ്യപ്പെട്ടത്. ടെൻഡർ അനുമതി നിഷേധിച്ച ഭരണസമിതി ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുകയും ചെയ്തു. ടെൻഡറിനെക്കുറിച്ച് തനിക്ക് ഒരറിവുമില്ലെന്ന് ജി.എൽ.പി സ്കൂൾ പ്രധാനാധ്യാപിക പറഞ്ഞു. വ്യാജ ടെൻഡർ ഉണ്ടാക്കി വസ്തുവകകൾ വിൽപന നടത്താൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യം ഉയർന്നിരിക്കുകയാണ്. കക്കോടി പ്രാഥമികാരോഗ്യ കേന്ദ്രം പൊളിച്ച വസ്തുക്കളുടെ വാല്വേഷനിലും ക്രമക്കേട് നടന്നെന്ന ആരോപണം നിലനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.