കൊടുവള്ളി: നഗരസഭയിലെ വാരിക്കുഴിത്താഴം 14ാം ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഉജ്ജ്വല വിജയം നേടി ഡിവിഷൻ നിലനിർത്തി. എൽ.ഡി.എഫ് സ്ഥാനാർഥിയായ അരിക്കോട്ടിൽ അനിതക്ക് 515 വോട്ടുകളാണ് ലഭിച്ചത്. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കെ. സരോജിനി ഗോപാലന് 209 വോട്ടും ബി.ജെ.പിയുടെ രമ അനിൽകുമാറിന് 62 വോട്ടുമാണ് ലഭിച്ചത്. 306 വോട്ട് ഭൂരിപക്ഷമാണ് അരിക്കോട്ടിൽ അനിതക്ക് ലഭിച്ചത്. ഡിവിഷനിൽ ആകെ 862 വോട്ടർമാരാണുണ്ടായിരുന്നത്. ഇതിൽ 414 പുരുഷൻമാരും 372 സ്ത്രീകളുമടക്കം 786 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. 91.18 ശതമാനമായിരുന്നു പോളിങ്. നഗരസഭ കോൺഫറൻസ് ഹാളായിരുന്നു വോട്ടെണ്ണൽ കേന്ദ്രം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഡിവിഷനിൽ 776 വോട്ടർമാരാണുണ്ടായിരുന്നത്. 657 വോട്ടുകളാണ് പോൾ ചെയ്തത്. 84.66 ശതമാനമായിരുന്നു പോളിങ്. യു.ഡി.എഫ് സ്വതന്ത്രയായി മത്സരിച്ച പി.വി. വാസന്തിക്ക് 197 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എൽ.ഡി.എഫിലെ പി.കെ. ഷീബ 460 വോട്ടുകൾ നേടി. 263 വോട്ടിൻെറ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഷീബ സർക്കാർ ജോലി ലഭിച്ച് കൗൺസിലർ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ മുസ്ലിം ലീഗിന് 15, കോൺഗ്രസ് രണ്ട്, ജെ.ഡി.യു. ഒന്ന്, ലീഗ് സ്വതന്ത്ര ഒന്ന് അടക്കം 19 യു.ഡി.എഫ് അംഗങ്ങളാണുള്ളത്. എൽ.ഡി.എഫിൽ സി.പി.എം- ഏഴ്, എൻ.എസ്.സി -ആറ്, ഐ.എൻ.എൽ മൂന്ന് അടക്കം 16 അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്ര അംഗമടക്കം മൊത്തം 36 കൗൺസിലർമാരാണുള്ളത് യു.ഡി.എഫിലെ രണ്ട് അംഗങ്ങൾക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ കേസ് നടക്കുന്നതിനാൽ വോട്ടവകാശവുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.