എകരൂല്‍: ഉണ്ണികുളം പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍പെട്ട എസ്റ്റേറ്റ്മുക്ക്-കരിന്തോറ റോഡ് തകര്‍ന്ന് യാത്ര ദുഷ്കരം. മൊകായ് കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കാന്‍ മാസങ്ങള്‍ക്കുമുമ്പ് റോഡ് വെട്ടിയതാണ് വിനയായത്. പൈപ്പിടല്‍ പൂര്‍ത്തിയാക്കിയെങ്കിലും പൈപ്പ് സ്ഥാപിച്ച ഭാഗങ്ങളില്‍ കരാറുകാര്‍ മണ്ണിട്ട് നികത്തുകയായിരുന്നു. മഴ തുടങ്ങിയതോടെ റോഡിലൂടെ കാല്‍നട യാത്ര പോലും ദുസ്സഹമായി. റോഡിൻെറ ദുരവസ്ഥ കാരണം ഓട്ടോ ഡ്രൈവര്‍മാര്‍ സർവിസിന് മടിക്കുകയാണ്. സ്കൂള്‍ വിദ്യാര്‍ഥികൾക്കും കാല്‍നട യാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കുമാണ് ഏറെ ദുരിതം. തകര്‍ന്ന റോഡിൻെറ അറ്റകുറ്റപ്പണി നടത്തി പ്രദേശവാസികള്‍ നേരിടുന്ന യാത്രാക്ലേശത്തിന് പരിഹാരം കാണാന്‍ അധികൃതരുടെ കണ്ണുതുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഏഴുവര്‍ഷം മുമ്പ് ജല അതോറിറ്റി സ്ഥാപിച്ച പൈപ്പ് ലൈന്‍ പൊട്ടി റോഡ് തകരുകയും പ്രദേശവാസികള്‍ക്ക് കുടിവെള്ളം മുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചതെന്ന് വാര്‍ഡ് അംഗം ശശീന്ദ്രന്‍ കരിന്തോറ പറഞ്ഞു. റോഡ് നവീകരണത്തിന് ജില്ല പഞ്ചായത്ത് 23 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍, മഴക്കാലം കഴിഞ്ഞാല്‍ മാത്രമേ നവീകരണ പ്രവൃത്തി നടത്താന്‍ കഴിയുകയുള്ളൂ. കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ റോഡ് കീറുകയല്ലാതെ നിര്‍വാഹമില്ലെന്നും താൽകാലിക പരിഹാരമെന്ന നിലക്ക് ക്വാറിപ്പൊടി അടിച്ച് ജനങ്ങളുടെ ദുരിതമകറ്റാന്‍ ശ്രമിക്കുമെന്നും വാര്‍ഡ് മെംബര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.