നാദാപുരം: ടൗണിലെ കടകളിൽ മഴയിൽ വെള്ളം കയറി വ്യാപാരികൾ ദുരിതത്തിലാവുന്നത് പതിവായതോടെ പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തി. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ എസ്റ്റിമേറ്റ് തയാറാക്കി മഴ മാറുന്ന മുറക്ക് പദ്ധതി പൂർത്തീകരിക്കും. വെള്ളക്കെട്ടിന് ഇടയാക്കുന്നത് വ്യാപാരികൾ ഓവുചാലുകളിൽ മാലിന്യം തള്ളുന്നതാണെന്ന് അധികൃതർ കണ്ടെത്തി. ബുധനാഴ്ച രാവിലെ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വ്യാപാരികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മണ്ണുമാന്തി ഉപയോഗിച്ച് ഓവുചാലിലെ കോൺക്രീറ്റ് സ്ലാബുകൾ നീക്കി മാലിന്യം നീക്കം ചെയ്തു. ടൗണിലെ മഴവെള്ളം ഒഴുകാനായി പൊതുമരാമത്ത് സ്ഥാപിച്ച പൈപ്പുകളും ഓവുചാലും കച്ചവടക്കാർ മാലിന്യം തള്ളിയതിനെ തുടർന്ന് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണമായത്. വടകര പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ബാബു, പഞ്ചായത്ത് സെക്രട്ടറി കെ.എസ്. ജോസ് മോൻ, പഞ്ചായത്ത് അംഗം ബഗ്ലത്ത് മുഹമ്മദ്, ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് ബാബു, കണേക്കൽ അബാസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.