പൊലീസിൻെറ വാഹനപരിശോധനക്കിടെ മൊബൈൽ ടവർ ബാറ്ററി മോഷ്ടാവായ യുവാവ് പിടിയിൽ നന്മണ്ട: മൊബൈൽ ടവറിൻെറ ബാറ്ററികൾ മോഷണം നടത്തുന്ന യുവാവ് കാക്കൂർ പൊലീസിൻെറ പിടിയിലായി. പുന്നശ്ശേരി അമ്പലമുക്കിൽ താമസിക്കുന്ന കരുവശ്ശേരി മുണ്ട്യാടിത്താഴം ജോഷിത്തി(29) നെയാണ് വാഹനപരിശോധനക്കിടെ പതിനൊന്നെ രണ്ടിൽ എസ്.എച്ച്.ഒ കെ.എ. ബോസിൻെറ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച വൈകീട്ട് പിടികൂടിയത്. ജോഷിത്ത് ഓടിച്ചിരുന്ന വാഹനം പരിശോധിച്ചുകൊണ്ടിരിക്കെ വാഹനത്തിൽ ടൂൾസുകൾ കണ്ടെത്തിയത് ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മൊഴിയും യുവാവിൻെറ രക്ഷപ്പെടാനുള്ള തന്ത്രവുമാണ് യുവാവിനെ കുടുക്കിയത്. ഇതോടെ, തെളിയപ്പെടാത്ത പന്ത്രണ്ടോളം കേസുകൾക്ക് തുമ്പുകിട്ടി. കഴിഞ്ഞ മാർച്ചിൽ കാക്കൂർ ഇയ്യക്കുഴി വളവിലെ മൊബൈൽ ടവറിൻെറ ബാറ്ററി മോഷ്ടിച്ചത് താനാണെന്ന് ജോഷിത്ത് ചോദ്യംചെയ്യല്ലിൽ സമ്മതിച്ചു. കൂടാതെ കുമാരസ്വാമി, പി.സി. പാലം, ചേളന്നൂർ എട്ടെ രണ്ട് എന്നിവിടങ്ങളിലും ചേവായൂർ, അത്തോളി, കുന്ദമംഗലം - എലത്തൂർ എന്നീ സ്റ്റേഷൻ പരിധിയിൽപ്പെട്ട പുല്ലാളൂർ, പൊട്ടൻമുറി, തണ്ണീർപന്തൽ, പാറോപ്പടി, കാരന്തൂർ, ചെലപ്രം, കൂടത്തുംപൊയിൽ, മുണ്ടോത്ത് എന്നിവിടങ്ങളിലെ ടവർ ബാറ്ററികൾ മോഷ്ടിച്ചതിൻെറ പേരിലും കേസുകളുണ്ട്. എസ്.ഐ ടി.കെ. ഷീജു, കെ. പ്രബീഷ്, മുഹമ്മദ് റിയാസ്, പി.കെ. ബിജു എന്നിവരും വാഹന പരിശോധന സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ ജോഷിത്തിനെ കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മൂന്ന് കോടതിയിൽ ഹാജരാക്കി. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.