മുക്കം: വേനൽമഴ ഇക്കുറിയും വാഴ, കപ്പ, പച്ചക്കറി കർഷകരെ കണ്ണീരു കുടിപ്പിച്ചു. ബുധനാഴ്ച വൈകീട്ടുണ്ടായ കനത്ത വേനൽമ ഴയിലും കാറ്റിലും വ്യാപക കൃഷിനാശം. 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. വേനൽ മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിലാണ് പുൽപറമ്പ് ,ചേന്ദമംഗലൂർ, കാരശ്ശേരി, മുക്കം പ്രദേശങ്ങളിൽ ആയിരക്കണക്കിന് വാഴകൾ കാറ്റിൽ ഒടിഞ്ഞുവീണത്. കുലച്ച് പാതി മൂപ്പെത്തിയ വാഴകളാണ് മിക്കയിടങ്ങളിലും നശിച്ചത്. രണ്ടായിരത്തോളം വാഴകളാണ് പല കർഷകർക്കുമായി നഷ്ടപ്പെട്ടത്. പല കർഷകരും വ്യക്തികളിൽനിന്നും ബാങ്കിൽനിന്നും വായ്പയെടുത്താണ് കൃഷിയിറക്കിയിരുന്നത്. ഭൂരിപക്ഷം വാഴകൾക്കും ഇൻഷുറൻസ് പരിരക്ഷയില്ല. കഴിഞ്ഞ വർഷങ്ങളിലൊന്നുംതന്നെ സർക്കാറിൽനിന്ന് നഷ്ടപരിഹാര തുക ലഭിച്ചിട്ടില്ല. അബ്ദുല്ല പുൽപറമ്പിൽ, പറമ്പിൽ സമദ്, അത്തിക്കോട്ടുമ്മൽ അബൂബക്കർ, പാമ്പാട്ടുമ്മൽ അബ്ദുല്ല, കുറുമ്പ്ര മഹ്മൂദ്, ബഷീർ, മുഹമ്മദ് മണി മുണ്ടയിൽ, റഷീദ് പറമ്പാടുമ്മൽ, പെരുവാട്ടിൽ ഷഫീഖ്, ബാബു പൊറ്റശ്ശേരി, റഷീദ് ബംഗ്ലാവിൽ, കുഞ്ഞാമു അമ്പലത്തിങ്ങൽ, കുട്ടൻ തുടങ്ങിയവരുടെ വാഴകൃഷിയാണ് കുടുതലായി നശിച്ചത്. ചേന്ദമംഗലൂർ വട്ട കണ്ടത്തിൽ മുനീറിൻെറ കോട്ടമുഴി തോട്ടത്തിൽ കൃഷിചെയ്ത 80 വാഴകൾ നടുവൊടിഞ്ഞ് നശിച്ചു. ചേന്ദമംഗലൂരിലെ ഇ.കെ. അബ്ദുറഹിമാൻെറ വഴലോരത്ത് നട്ട കപ്പകൃഷിയും നശിച്ചു. വീട്ടുവള പ്പുകളിലെ നൂറു കണക്കിന് മൈസൂർ, പൂവൻ വാഴകളും നടുവൊടിഞ്ഞ് വിണിട്ടുണ്ട്. യു.പി. ബഷീറിൻെറ വയലിലെ വാഴകളും നശിച്ചു. കഴിഞ്ഞ വർഷത്തെ പേമാരിയിലും മഹാപ്രളയത്തിലും കൃഷി നശിച്ചവർക്ക് തന്നെയാണ് ഇത്തവണ വേനൽമഴയിലും നാശമുണ്ടായത്. ഇരട്ട ദുരിതം പ്രദേശത്തെ കർഷകരെ മുഴുവൻ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. അടിയന്തരമായി സർക്കാർ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് പുൽപറമ്പ് കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.