കുന്നുമ്മൽ അനുബന്ധ കുടിവെള്ള പദ്ധതി: പൈപ്പ് പൊട്ടൽ തുടർകഥ

നാദാപുരം: കുന്നുമ്മൽ അനുബന്ധ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് തുടർക്കഥയാവുന്നു. അധികൃത ർക്ക് അനക്കമില്ല. നാദാപുരം മണ്ഡലത്തിലെ ജനങ്ങൾക്ക് ആശ്വാസമേകാൻ ലക്ഷ്യമിട്ട് തുടങ്ങിയ കുടിവെള്ള പദ്ധതിയിൽനിന്ന് കടുത്ത വേനലിലും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്. സാധാരണക്കാരന് താങ്ങാൻ കഴിയാത്ത തുക നൽകിയാണ് പലരും വീടുകളിലേക്ക് കുടിവെള്ള കണക്ഷൻ എടുത്തത്. ഒരു ദിനം പോലും ഉപഭോക്താക്കൾക്ക് പദ്ധതിവഴി കുടിവെള്ളം ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം തുറന്നുവിട്ട സമയത്തുതന്നെ ജലവിതരണ കുഴലുകൾ പൊട്ടുക പതിവായിരുന്നു. പദ്ധതി യാഥാർഥ്യമാക്കാൻ ചുരുക്കം ചിലർക്ക് കണക്ഷൻ നൽകി പൈപ്പിലൂടെ വീണ്ടും വെള്ളം തുറന്നുവിട്ട് തുടങ്ങിയിരുന്നു. വെള്ളം തുറന്ന് ഏതാനും മിനിറ്റുകൾക്കകം മേഖലയിലെ ഏതെങ്കിലും സ്ഥലത്ത് പൈപ്പു പൊട്ടി ജലം പാഴാവുന്ന അവസ്ഥയാണ്. ഇതുകൊണ്ടുതന്നെ വെള്ളം തുറന്ന് വിട്ട ഉടനെ അടക്കുകയാണ് പതിവ്. 71.96 കോടിയിൽ പരം രൂപ ചെലവഴിച്ച് കുറ്റ്യാടി പുഴയിലെ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന കുടിവെള്ള പദ്ധതിയാണ് കെടുകാര്യസ്ഥതയുടെ പര്യായമായി മാറുന്നത്. എറണാകുളം കേന്ദ്രീകരിച്ചുള്ള കമ്പനിയാണ് കുടിവെള്ള പദ്ധതിക്ക് പൈപ്പുകൾ സ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.