കുടിവെള്ളം ലഭിച്ചില്ല; ഗുണഭോക്താക്കൾ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

ഓമശ്ശേരി: കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് ഗുണഭോക്താക്കൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഏഴാം വ ാർഡിലെ നങ്ങാച്ചിക്കുന്ന്, ചോക്കൂർ, പഴേടത്ത് പ്രദേശത്തെ സ്ത്രീകളുൾപ്പടെയുള്ള 25 ഓളം ഗുണഭോക്താക്കളാണ് ഗ്രാമ പഞ്ചായത്ത് ഓഫിസിലെത്തി സെക്രട്ടറിയെ ഉപരോധിച്ചത്. പത്ത് വർഷം മുമ്പ് പണിയാരംഭിച്ച നങ്ങാച്ചിക്കുന്ന് കുടിവെള്ള പദ്ധതി മാർച്ച് 31നകം പണി പൂർത്തീകരിച്ച് കുടിവെള്ളം ലഭ്യമാക്കുമെന്ന് വാർഡ് അംഗവും പഞ്ചായത്ത് സെക്രട്ടറിയും ഏതാനും ദിവസം മുമ്പ് ഉറപ്പു നൽകിയിരുന്നുവത്രെ. ഇത് നടക്കാതെ പോയതാണ് ഗുണഭോക്താക്കളെ പ്രകോപിതരാക്കിയത്. ഒരു മണിക്കൂറിലധികം നേരം ഉപരോധം നീണ്ടുനിന്നു. ഉപരോധത്തിനിടയിൽ യു.ഡി.എഫ് പ്രവർത്തകരെത്തി ബഹളം വെച്ചു. ഉപരോധക്കാർക്കെതിരെയുള്ള യു.ഡി.എഫ് പ്രതിരോധം സംഘർഷാവസ്ഥ സൃഷ്ടിച്ചു. കൊടുവള്ളി പൊലീസ് എത്തിയാണ് സംഘർഷം ഒഴിവാക്കിയത്. നാളെ മുതൽ പ്രദേശത്ത് വാഹനത്തിൽ കുടിവെള്ളം ലഭ്യമാക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയതോടെ ഉപരോധമവസാനിച്ചു. അതേസമയം, ഗുണഭോക്തൃ കമ്മിറ്റി കൺവീനർ കുടിവെള്ള പദ്ധതിക്ക് മോട്ടോർ സ്ഥാപിക്കുന്നതടക്കമുള്ള ജോലികൾ മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കേണ്ടതായിരുന്നുവെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. ഇതു നടക്കാതെ പോയത് അന്വേഷിക്കും. പദ്ധതി പൂർത്തിയാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി കിണർ, ടാങ്ക്, പൈപ്പ് ലൈൻ, ടാപ്പ് തുടങ്ങിയവ നേരത്തെ സജ്ജീകരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.