ഫറോക്ക്: ഓട്ടത്തിനിടെ വയ്ക്കോൽ ലോറിയിൽ തീപടർന്നത് നാട്ടുകാരെ ഭീതിയിലാക്കി. ചരക്കുലോറിയിൽ പാലക്കാട്ടുനിന്ന് വെസ്റ്റ് നല്ലൂരിലെ ഫാമിലേക്കായി എത്തിച്ച വയ്ക്കോൽ കെട്ടുകൾ വൈദ്യുതി ലൈനുകളിൽ ഉരസി തീപടരുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന 160 ഓളം വയ്ക്കോൽ കെട്ടുകൾ കത്തിനശിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12.30 ഓടെ വെസ്റ്റ് നല്ലൂർ റോഡിൽ ഗവൺമൻെറ് എൽ.പി സ്കൂളിന് സമീപത്താണ് പരിസരവാസികളെ പരിഭ്രാന്തിയിലാഴ്‌ത്തി തീ പടർന്നത്. നിശ്ചിത അളവിലും കൂടുതൽ ഉയരത്തിൽ വയ്ക്കോൽ കയറ്റിയതാണ് അപകട കാരണം. തീപടർന്നതോടെ ഓടിയെത്തിയ നാട്ടുകാർ വയ്ക്കോൽ കെട്ടുകളിലെ കയർ മുറിച്ചുമാറ്റി തീപടർന്നവ ലോറിയിൽനിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞാണ് ലോറിയിലേക്ക് തീപടരാതെ വലിയ അപകടം ഒഴിവാക്കിയത്. റോഡിൽനിന്ന് ശക്തമായ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് തീ അണക്കാനായി ആദ്യം ഓടിയെത്തിയത്. തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. മീഞ്ചന്ത ഫയർ സ്റ്റേഷൻ ഓഫിസർ പി.വി. വിശ്വാസ്, ലീഡിങ് ഫയർമാൻ നാരായണൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ എത്തിയ രണ്ടു ഫയർ യൂനിറ്റ് രണ്ടു മണിക്കൂറുകൾക്കുശേഷം തീ നിയന്ത്രണ വിധേയമാക്കി. ഫറോക്ക് പൊലീസും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.