ഗാലറി തകർച്ച: സംഘാടകർക്കെതിരെ കേസ്

കടലുണ്ടി: വെള്ളിയാഴ്ച രാത്രി ഫുട്ബാൾ മത്സരത്തിനായി പണിത താൽക്കാലിക ഗാലറി തകർന്ന് ഒട്ടേറെ പേർക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടക സമിതിയായ ടീം കടലുണ്ടിയുടെ 10 ഭാരവാഹികൾക്കെതിരെ ഫറോക്ക് പൊലീസ് കേസെടുത്തു. അശ്രദ്ധ കാരണം ആളുകൾക്ക് പരിക്കേൽക്കാനിടയായതിന് 337, 338 വകുപ്പുകൾ പ്രകാരമാണ് കേസ്. ടൂർണമ​െൻറി​െൻറ ഫൈനൽ മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി 9.20ഓടെയായിരുന്നു നിറയെ ആളുകൾ കയറിയ കിഴക്കേ ഗാലറി പൂർണമായും നിലംപതിച്ചത്. മുളയും കവുങ്ങും ഉപയോഗിച്ച് പണിത ഗാലറിയുടെ ബലക്കുറവും പരിധിക്കപ്പുറം കാണികളെ കയറ്റിയതുമാണ് തകർച്ചക്ക് കാരണമായത്. ബലപ്പെടുത്താൻ വിളക്കുകാലിനോട് ചേർത്തുകെട്ടിയ കയർ വെളിച്ച ക്രമീകരണത്തിനായി വിളക്കുകാൽ തിരിക്കാൻ അഴിച്ചുമാറ്റിയതും വീഴ്ച എളുപ്പമാക്കി. നൂറോളം പേർക്ക് പരിക്കേറ്റിരുന്നെങ്കിലും ഗുരുതരമല്ല. പത്തിൽ താഴെ പേരുടെ എല്ലുകൾ പൊട്ടിയിട്ടുണ്ട്. വീഴ്ച കാരണമുള്ള ഉളുക്ക്, ചതവ്, വേദന തുടങ്ങിയ പ്രശ്നങ്ങളാണുള്ളത്. 76 പേരാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്. മലപ്പുറം ജില്ലയിലെ പ്രധാന ടീമുകളായ ഡയമണ്ട് പരപ്പനങ്ങാടി, ഉദയ പറമ്പിൽപീടിക എന്നിവ ഏറ്റുമുട്ടുന്ന ഫൈനൽ കാണാൻ അയ്യായിരത്തോളം പേർ പഞ്ചായത്ത് സന്ധ്യ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ആയിരത്തോളം പേർ കയറിയ കിഴക്കേ ഗാലറിയാണ് വീണത്. കിക്കോഫിന് മിനിറ്റുകൾക്കുമുമ്പ് നടന്ന അത്യാഹിതത്തെ തുടർന്ന് മത്സരം ഉപേക്ഷിച്ചു. ഈ മത്സരത്തിനുള്ള അനുമതി പൊലീസ് നിഷേധിച്ചിട്ടുണ്ട്. ഫറോക്ക് എസ്.ഐ എം.സി. ഹരീഷിനാണ് അന്വേഷണ ചുമതല. കോട്ടക്കടവ് ടി.എം.എച്ച്, കല്ലമ്പാറ ശിഫ, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. ഇവരെ വെള്ളിയാഴ്ച രാത്രി എം.കെ. രാഘവൻ എം.പിയടക്കം ജനപ്രതിനിധികൾ സന്ദർശിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.