കുടുക്ക പൊട്ടിച്ച്​ പണം കൊടുത്തു; പകരം കിട്ടിയത് മൂന്നു ഫുട്ബാൾ

കോഴിക്കോട്: പ്രളയക്കെടുതിയിൽ തേങ്ങുന്ന കുരുന്നുമുഖങ്ങൾ വാർത്തകളിൽ കണ്ടപ്പോൾ ഫുട്ബാൾ വാങ്ങാനായി ഒരുക്കൂട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കുഞ്ഞു അഫുവിന് സംശയമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, ആ തുകക്ക് പകരം മൂന്നു പന്തു കിട്ടിയപ്പോൾ അവൻ സന്തോഷംകൊണ്ട് വിടർന്നുചിരിച്ചു. കാരന്തൂർ സ​െൻറ് അലോഷ്യസ് യു.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായ സി.പി. അഷ്ഫഖ് മുഹമ്മദ് എന്ന അഫുവി​െൻറ സന്മനസ്സിനാണ് സമ്മാനം കിട്ടിയത്. കഴിഞ്ഞദിവസം ജില്ല കലക്ടർ യു.വി. ജോസിന് പിതാവ് അഷ്റഫിനൊപ്പം വന്ന് കുടുക്ക സഹിതം അഫു പണം നൽകിയിരുന്നു. ഇത് ജില്ല ഇൻഫർമേഷൻ ഓഫിസ് മുഖേന അറിഞ്ഞ നെഹ്റു യുവകേന്ദ്ര ജില്ല കോഡിനേറ്റർ അനിൽ കുമാറാണ് അവന് കൈനിറയെ സമ്മാനവുമായി എത്തിയത്. ടൗൺഹാളിൽ നടന്ന അദാലത്തിനിടെ വിവിധ നിറങ്ങളിലുള്ള മൂന്ന് ഫുട്ബാൾ മന്ത്രിമാരായ ടി.പി. രാമകൃഷ്ണനും എ.കെ. ശശീന്ദ്രനും അഫുവിന് കൈമാറി. മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.എൽ.എമാരായ എ. പ്രദീപ് കുമാർ, ഡോ. എം.കെ. മുനീർ വി.കെ.സി. മമ്മദ് കോയ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ജില്ല കലക്ടർ യു.വി. ജോസ് എന്നിവരുടെ സാന്നിധ്യത്തിലാണ് പന്തുകൾ നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.