കല്ലായിപ്പുഴയിൽ ചളി നീക്കി ഒഴുക്കുകൂട്ടണം -നഗരസഭ

കോഴിക്കോട്: നഗരത്തിൽ പ്രളയദുരിതം കുറക്കാനായി കല്ലായിപ്പുഴയിലെ ചളിനീക്കി ആഴം കൂട്ടാനുള്ള നടപടി സർക്കാർ ഉടൻ കൈക്കൊള്ളണമെന്ന് വെള്ളപ്പൊക്കത്തിനുശേഷം കാര്യങ്ങൾ ചർച്ചചെയ്യാൻ ചേർന്ന നഗരസഭ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കല്ലായിപ്പുഴ നവീകരണത്തിന് പദ്ധതിയുണ്ടെങ്കിലും കരാറുകാർ എത്താത്തതാണ് പ്രശ്നം. പുഴയിൽനിന്നെടുക്കുന്ന ചളി പുഴയോരത്തുതന്നെ നിക്ഷേപിച്ച് തീരത്ത് കൂടുതൽ സൗകര്യമുണ്ടാക്കുന്ന കാര്യം പരിഗണിക്കണമെന്ന് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ് ആവശ്യപ്പെട്ടു. കനോലി കനാലി​െൻറ മതിലിടിഞ്ഞത് വെള്ളം കയറാൻ കാരണമായതിനാൽ കനാൽ നവീകരണ പദ്ധതിക്ക് മുമ്പുതന്നെ മതിലുകൾ മാറ്റിപ്പണിയണമെന്ന് കെ.സി. ശോഭിത പറഞ്ഞു. 52 വാർഡുകളിൽ പ്രളയം നേരിട്ട 11,679 വീടുകളിൽ 7599 എണ്ണം ശുചീകരിക്കുന്നതിൽ നഗരസഭ ആരോഗ്യവിഭാഗം നേരിട്ട് മേൽനോട്ടം വഹിച്ചതായി മേയർ തോട്ടത്തിൽ രവീന്ദ്രൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. മറ്റുള്ളവ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ശുചിയാക്കി. 16,391 കിണറുകൾ ക്ലോറിനേറ്റ് ചെയ്തു. രണ്ടാംഘട്ട ക്ലോറിനേഷൻ നടന്നുവരുന്നു. അംഗൻവാടി, സ്കൂൾ, മദ്റസ എന്നിവയടക്കം 22 പൊതുസ്ഥാപനങ്ങൾ മലിനമായി. ഇവയോടൊപ്പം ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ച 46 സ്കൂളും നാല് വിതരണകേന്ദ്രങ്ങളും ശുചീകരിച്ചു. ആഗസ്റ്റ് 23ന് എല്ലാ വാർഡിലും നടന്ന ശുചീകരണത്തിൽ 1583 സന്നദ്ധ പ്രവർത്തകർ അണിനിരന്നു. ഒറ്റദിവസംകൊണ്ട് 4983 ചാക്ക് പ്ലാസ്റ്റിക് കുപ്പി, കവർ, കിടക്കകൾ എന്നിവ നഗരസഭയുടെ ചെലവിൽ ശേഖരിച്ച് നിറവ് വേങ്ങേരിക്ക് കൈമാറി. മൊത്തം 46 ക്യാമ്പുകളിൽ 2949 കുടുംബങ്ങളിലെ 12,885 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്. മഹാദുരന്തത്തെ ഒറ്റക്കെട്ടായി നേരിട്ട നഗരവാസികളെ കൗൺസിൽ അഭിനന്ദിച്ചു. സ്ഥിരംസമിതി ചെയർമാൻമാരായ പി.സി. രാജൻ, ടി.വി. ലളിത പ്രഭ, എം.സി. അനിൽകുമാർ, എം. രാധാകൃഷ്ണൻ തുടങ്ങിയവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.