കൊടുവള്ളി നഗരസഭയിൽ പകർച്ചവ്യാധി തടയാൻ ജാഗ്രത: പരിശോധനകൾ ശക്തമാക്കും

കൊടുവള്ളി നഗരസഭയിൽ പകർച്ചവ്യാധി തടയാൻ ജാഗ്രത: പരിശോധനകൾ ശക്തമാക്കും കൊടുവള്ളി: നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുന്നതിനും, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങൾ പരിശോധന നടത്താനും ആവശ്യമെങ്കിൽ അടച്ചുപൂട്ടുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിന് കൊടുവള്ളി നഗരസഭ കമ്യൂണിറ്റി ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും വിവിധ വകുപ്പു മേധാവികളുടെയും, രാഷ്ട്രീയ -സാംസ്കാരിക -സന്നദ്ധ സംഘടനകളുടെയും സംയുക്ത യോഗം തീരുമാനിച്ചു. ജൂൺ ഒന്നിനകം ഡിവിഷൻ തലങ്ങളിൽ പ്രത്യേക യോഗങ്ങൾ ചേരുന്നതിനും, രണ്ടിന് നഗരസഭ പരിധിയിലെ എല്ലാ സ്ഥാപനങ്ങളിലും ശുചീകരണ പ്രവൃത്തികൾ നടത്താനും, മൂന്ന്, നാല് തീയതികളിൽ കുടുംബശ്രീയുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തും. ഡിവിഷൻ തല ജാഗ്രത സമിതികൾ എല്ലാ ആഴ്ചയിലും യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തും. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അങ്ങാടികൾ കേന്ദ്രീകരിച്ച് പരിശോധന നടത്താനും ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്താനും, പള്ളി, മദ്റസ, ക്ഷേത്രം, മറ്റു മതസ്ഥാപനങ്ങൾ എന്നിവയുടെ കുടിവെള്ള സ്രോതസ്സുകൾ പരിശോധിക്കുവാനും തീരുമാനിച്ചു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കല്യാണം, സൽക്കാരം, ഇഫ്താർ മീറ്റുകൾ മറ്റ് ആഘോഷ പരിപാടികൾ എന്നിവയിൽ ഡിസ്പോസിബ്ൾ വസ്തുക്കൾ ഒഴിവാക്കുന്നതിന് നിർദേശം നൽകാനും യോഗം തീരുമാനിച്ചു. നഗരസഭ ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൻ എ.പി. മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ വി.സി. നൂർജഹാൻ, കെ. ബാബു, ബിന്ദു അനിൽകുമാർ, ഹാജറ ബീവി, കെ. ശിവദാസൻ, എം.പി. ശംസുദ്ദീൻ, ടി.പി. നാസർ, പി.പി. മൊയ്തീൻ കുട്ടി, അബ്ദുൽ ഖാദർ മാസ്റ്റർ, പി. അബൂബക്കർ മാസ്റ്റർ, വെള്ളറ അബ്ദു, മെഡിക്കൽ ഓഫിസർ ഡോ. നസ്റുൽ ഇസ്ലാം, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടര്‍ പി.പി. മുഹമ്മദലി അഷ്റഫ്, എച്ച്.ഐ മുരളീധരൻ, നഗരസഭ സെക്രട്ടറി എ.എം. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.