തൊണ്ടിലക്കടവിൽ പുഴയിലെ കറുത്ത മലിനജലം കിണറുകളിലേക്ക് വ്യാപിച്ചു; ദുര്‍ഗന്ധവും രൂക്ഷം

* നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. കലക്ടർക്ക് പരാതി നൽകി * നല്ലളം, റഹ്മാന്‍ ബസാര്‍, തൊണ്ടിലക്കടവ് പുഴയോര നിവാസികളാണ് കടുത്ത ദുരിതത്തിലായത് ഫറോക്ക്: ചാലിയാറി​െൻറ കൈവഴിയായ കൊളത്തറ ചെറുപുഴയിലെ കറുത്ത മലിനജലം കിണറുകളിലേക്ക് വ്യാപിച്ചു. ഇതോടെ നല്ലളം, റഹ്മാന്‍ ബസാര്‍, തൊണ്ടിലക്കടവ് പുഴയോര നിവാസികള്‍ കടുത്ത ദുരിതത്തിലായി. മാരകരോഗങ്ങൾ പടരുമോയെന്ന ഭീതിയിലാണ് നാട്ടുകാർ. ആരോഗ്യവകുപ്പും അധികാരികളും വിഷയത്തിൽ ഇടപെടാത്തതിൽ പ്രതിഷേധം കനത്തു. മലിനജലം കിണറുകളിൽ വ്യാപിക്കുന്നതിന് ശാശ്വത പരിഹാരം തേടി നാട്ടുകാർ ബഹുജന ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. ജില്ല കലക്ടർക്കും ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്കും ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരാതി നൽകി. കോട്ടുമ്മല്‍, നല്ലളം, റഹ്മാന്‍ ബസാര്‍, തൊണ്ടിലക്കടവ് മേഖലയിലെ പുഴയോരവാസികള്‍ ഇതേത്തുടര്‍ന്ന് വലയുകയാണ്. എന്താണ് വെള്ളം കറുത്തനിറത്തിലാകാന്‍ കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വെള്ളിയാഴ്ച രാവിലെയാണ് പുഴവെള്ളം കറുത്ത് ദുര്‍ഗന്ധമുള്ളതായി കണ്ടത്. ദുര്‍ഗന്ധംകാരണം പുഴയോരത്ത് താമസിക്കുന്നവരില്‍ ചിലര്‍ക്ക് മനംപിരട്ടലും തലകറക്കവും അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ എത്തിയെങ്കിലും നടപടികളൊന്നും സ്വീകരിക്കാതെ പുഴ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നെന്ന പരാതിയുണ്ട്. വേനല്‍മഴ തുടങ്ങിയതോടെ പ്രദേശത്തെ കിണറുകളിലേക്ക് കൂടുതൽ കറുത്ത പുഴവെള്ളം കലരുമോയെന്ന ആശങ്ക നാട്ടുകാര്‍ക്കുണ്ട്. ആരോഗ്യവകുപ്പ് ഇടപെടാത്തതിനെത്തുടര്‍ന്ന് മേലധികാരികള്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് പുഴയോരവാസികള്‍. കഴിഞ്ഞവര്‍ഷവും ഇതേസമയം പുഴയില്‍ ദുര്‍ഗന്ധം വമിക്കുന്ന കറുത്ത ജലം നിറഞ്ഞ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തിയിരുന്നു. അന്നു കൊച്ചിയില്‍നിന്നു സെൻട്രല്‍ മറൈന്‍ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സി.എം.എഫ്.ആര്‍.ഐ) വിദഗ്ധരെത്തി വെള്ളത്തി​െൻറ സാമ്പ്ൾ എടുത്തും ചത്ത മത്സ്യങ്ങളെ പോസ്റ്റ്മോര്‍ട്ടം നടത്തിയും പരിശോധിച്ചിരുന്നു. വെള്ളത്തില്‍ മാരകമായതൊന്നും കലര്‍ന്നിട്ടില്ലെന്നും കാലാവസ്ഥമാറ്റമാണ് നിറംമാറ്റത്തിനു കാരണമെന്നുമാണ് അന്ന് കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.