പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള നാളെ മുതൽ

കോഴിക്കോട്: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള മാർച്ച് ഒമ്പതു മുതൽ 15 വരെ കോഴിക്കോട്ട് നടക്കും. കൈരളി, ശ്രീ തിയറ്ററുകളിലായി നടക്കുന്ന മേള ടി.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഹംഗേറിയൻ ചിത്രമായ 'ഓൺ ബോഡി ആൻഡ് സോൾ' ആണ് ഉദ്ഘാടന ചിത്രം. ഏഴു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ മൂന്ന് ഡോക്യുമ​െൻററി ഉൾപ്പെടെ 56 സിനിമകൾ പ്രദർശിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമകാലിക ലോക സിനിമ വിഭാഗത്തിൽ 22 സിനിമകളാണ് പ്രദർശിപ്പിക്കുക. ഐ.എഫ്.എഫ്.കെയിൽ സുവർണ ചകോരം ലഭിച്ച വാജിബ്, മികച്ച ചിത്രത്തിനുള്ള പ്രേക്ഷകരുടെ പുരസ്‌കാരം നേടിയ 'എ സ്റ്റിൽ ഹെഡ് ടു സ്‌മോക്ക്', പ്രത്യേക ജൂറി പരാമർശം നേടിയ കാൻഡലേറിയ എന്നിവ പ്രദർശനത്തിനെത്തും. 'മലയാള സിനിമ ഇന്ന്' വിഭാഗത്തിൽ ആറ് ചിത്രങ്ങളും 'ഇന്ത്യൻ സിനിമ ഇന്ന്' വിഭാഗത്തിൽ ഒമ്പത് സിനിമകളും പ്രദർശിപ്പിക്കും. 10 മുതൽ 15 വരെ മാനാഞ്ചിറ സ്‌ക്വയറിൽ പൊതുജനങ്ങൾക്കായുള്ള ചലച്ചിത്ര പ്രദർശനവും നടക്കും. ശനിയാഴ്ച വൈകീട്ട് ആറിന് ജോയ് മാത്യു പ്രദർശനത്തി​െൻറ ഉദ്ഘാടനം നിർവഹിക്കും. മലയാള സിനിമയുടെ നവതി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പി. ഡേവിഡി​െൻറ ഫോട്ടോകളുടെ പ്രദർശനം 10ന് രാവിലെ 11.30ന് കൈരളി തിയറ്ററിൽ എം.ടി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യും. മാർച്ച് 10 മുതൽ വൈകീട്ട് 5.30ന് മീറ്റ് ദ ഡയറക്ടർ, ഓപൺ ഫോറം എന്നിവയുണ്ടാവും. 'ത്രീ സ്മോക്കിങ് ബാരൽസ്' എന്ന ചിത്രത്തി​െൻറ സംവിധായകൻ സഞ്ജീബ് ദേ, അഭിനേതാക്കളായ സുബ്രത് ദത്ത, മന്ദാകിനി ഗോസ്വാമി, ഷേഡ് എന്ന ചിത്രത്തി​െൻറ സംവിധായകൻ നിഖിൽ അലുഗ്, ഇൻ ദ ഷാഡോസ് എന്ന ചിത്രത്തിെസൻറ സംവിധായകൻ ദീപേഷ് ജെയിൻ, മലയാളി സംവിധായകരായ സഞ്ജു സുരേന്ദ്രൻ, പ്രേംശങ്കർ, സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ, പ്രശാന്ത് വിജയ്, കെ.പി. ശ്രീകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. കഴിഞ്ഞ രാജ്യാന്തര ഡോക്യുമ​െൻററി ഹ്രസ്വ ചലച്ചിത്രമേളയിൽ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കേന്ദ്ര വാർത്തവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ച രണ്ടു ഡോക്യുമ​െൻററികൾ മേളയിൽ പ്രദർശിപ്പിക്കും. ജെ.എൻ.യുവിലെ വിദ്യാർഥി പ്രക്ഷോഭത്തി​െൻറ പശ്ചാത്തലത്തിൽ കാത്തു ലൂക്കോസ് സംവിധാനം ചെയ്ത 'മാർച്ച് മാർച്ച് മാർച്ച്', ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്‌സിറ്റിയിലെ രോഹിത് വെമുലയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ പി.എൻ. രാമചന്ദ്ര സംവിധാനം ചെയ്ത 'ദ അൺബെയറബിൾ ബീയിങ് ഓഫ് ലൈറ്റ്‌സ്' എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. വ്യാഴാഴ്ച രാവിലെ 10.30ന് പാസ് വിതരണം ആരംഭിക്കും. വാർത്തസമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ എൻ.പി. സജീഷ്, ചെലവൂർ വേണു, കെ.ടി. ശേഖർ, കെ.ജെ. തോമസ്, എച്ച്. ഷാജി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.