നിയമങ്ങൾക്ക് പുല്ലുവില; മെഡിക്കൽ കോളജ് ജങ്​ഷനിൽ ബസുകൾ നിർത്തുന്നത് തോന്നിയപോലെ

കോഴിക്കോട്: മെഡിക്കൽ കോളജിനു സമീപത്തെ തിരക്കേറിയ ജങ്ഷനിൽ ബസ് സ്റ്റോപ്പുകൾ നോക്കുകുത്തിയാവുന്നു. വിവിധയിടങ്ങളിൽനിന്നുള്ള ബസുകൾ തോന്നിയ ഇടത്ത് നിർത്തുന്നതിനാൽ രോഗികളും കൂട്ടിരിപ്പുകാരും വിദ്യാർഥികളുമടക്കം പ്രയാസപ്പെടുകയാണ്. ഒപ്പം ജങ്ഷനിലെ ഗതാഗതക്കുരുക്കും വർധിക്കുന്നു. നഗരത്തിലേക്കുള്ള ദീർഘദൂര ബസുകൾക്കായി പ്രത്യേക സ്റ്റോപ്പ് നിർമിച്ചിട്ടുണ്ടെങ്കിലും നിർത്തുന്നത് നടുറോഡിൽ തന്നെ. കാരന്തൂർ ഭാഗത്തേക്കുള്ള ബസ് നിർത്തുന്നത് ഒ.പിയിലേക്ക് പോകുന്ന ജങ്ഷനടുത്ത്. ഇവിടെയും ബസ് സ്റ്റോപ്പ് നോക്കുകുത്തിയാണ്. രോഗികളും കൂട്ടിരിപ്പുകാരും സന്ദർശകരും പ്രദേശവാസികളും വിദ്യാർഥികളുമുൾപ്പടെ നിരവധിയാളുകളാണ് ഇവിടെ വിവിധ ഭാഗങ്ങളിലേക്കുള്ള ബസുകൾ കാത്തുനിൽക്കുന്നത്. കൂടാതെ ആശുപത്രിയിലേക്ക് ആഹാരവും മരുന്നും മറ്റും വാങ്ങാൻ പുറത്തിറങ്ങുന്ന കൂട്ടിരിപ്പുകാർ റോഡ് മുറിച്ച് കടക്കാനാവാതെ പ്രയാസപ്പെടുന്നതും പതിവാണ്. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾക്ക് മുന്നിൽ പെടാതെ ഇവർ പലപ്പോഴും രക്ഷപ്പെടുന്നത് തലനാരിഴക്കാണ്. ബസുകാരുടെ മത്സരയോട്ടവും ൈകെയാങ്കളിയും ഇവിടെ പതിവാണ്. കോഴിക്കോട് ഭാഗത്തേക്കുള്ള റൂട്ടിലാണ് സിറ്റി ബസുകളും ദീർഘദൂര ബസുകളും തമ്മിൽ പ്രധാനമായും മത്സരയോട്ടം. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസിനെ ബസ് ഡ്രൈവർ കൈയ്യേറ്റം ചെയ്തിരുന്നു. മാവൂർ ഭാഗത്തേക്കുള്ള കുത്തനെയുള്ള റോഡിൽ താഴെ ഭാഗത്തായാണ് സീബ്രലൈൻ. ഏറെപേരും റോഡ് മുറിച്ചുകടക്കുന്ന മുകൾഭാഗത്ത് സീബ്രലൈൻ ഇല്ല. നഗരത്തിൽ പലയിടത്തും സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തിരക്കേറിയ ഈ ജങ്ഷനിൽ കാമറയില്ല. ജങ്ഷനിലെ തിരക്കും കുരുക്കും പരിഹരിക്കാൻ ഇവിടെ ബസ്സ്റ്റാൻഡ് നിർമിക്കണമെന്നാണ് നാട്ടുകാരുടെയും രാഷ്ട്രീയപ്രവർത്തകരുടെയും ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.