തരിശുഭൂമിയിൽ നെൽകൃഷി; ആയഞ്ചേരി കൃഷിഭവൻ കേന്ദ്രമാക്കി വൻ തട്ടിപ്പ്

ആയഞ്ചേരി: തരിശുഭൂമിയിൽ നെൽകൃഷിയിറക്കി എന്ന പേരിൽ വ്യാജരേഖ ചമച്ച് പതിനായിരക്കണക്കിന് രൂപ എഴുതി വാങ്ങിയതായി പരാതി. ആയഞ്ചേരി കൃഷിഭവ​െൻറ പരിധിയിൽ വരുന്ന മുക്കടത്തുംവയൽ, തറോപ്പൊയിൽ നെല്ലുൽപാദക സമിതികൾക്ക് കീഴിലാണ് ഈ തട്ടിപ്പ് നടന്നത്. ആയഞ്ചേരി കൃഷിഭവ​െൻറ ഒത്താശയോടെ നടന്ന തട്ടിപ്പിനെതിരെ ബ്ലോക് തലത്തിൽ അന്വേഷണം തുടങ്ങി. പ്രശ്നം ചർച്ചചെയ്യാൻ കൃഷി വികസന സമിതിയുടെ യോഗം ചൊവ്വാഴ്ച രണ്ടു മണിക്ക് ആയഞ്ചേരിയിൽ ചേരും. തരിശുഭൂമിയിൽ കൃഷിചെയ്യാൻ സർക്കാർ ഹെക്ടറിന് 10000 രൂപ നൽകുന്ന പദ്ധതിയാണ് തട്ടിപ്പിന് ഉപയോഗപ്പെടുത്തിയത്. കഴിഞ്ഞ വർഷം കൃഷി ഉണ്ടാക്കാത്ത വയലി​െൻറ സർവേ നമ്പർ ഉപയോഗിച്ചും തട്ടിപ്പ് നടന്നിട്ടുണ്ട്. കൃഷിയിറക്കിയ സ്ഥലം കൃഷി ഓഫിസർ പരിശോധിച്ച ശേഷം മാത്രമാണ് ആനുകൂല്യം നൽകേണ്ടത് എന്നിരിക്കേ, ഓഫിസിലിരുന്ന് തന്നെ പലർക്കും ആനുകൂല്യം ലഭിക്കുന്ന തരത്തിൽ വഴിവിട്ട പ്രവർത്തനം നടത്തിയിട്ടുണ്ട്. ചില സ്വകാര്യവ്യക്തികൾ നെൽകൃഷിയുടെ പേരിൽ പലരുടെയും ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്തിരുന്നു. അവർ ഈ ആനുകൂല്യം കൈപ്പറ്റുന്നതോടൊപ്പം തന്നെ ഓരോ ഭൂവുടമയും തങ്ങളുടെ സ്ഥലത്ത് കൃഷിയിറക്കിയതായി കാണിച്ച് ആനുകൂല്യം വാങ്ങി. ഫലത്തിൽ ഒരു സ്ഥലത്തി​െൻറ സർവേ നമ്പർ ഉപയോഗിച്ച് പലരും ആനുകൂല്യം കൈപ്പറ്റി എന്നാണ് ആരോപണം. ആറു മാസം മുമ്പാണ് ഇവിടെ കൃഷി ഓഫിസർ ചാർജെടുത്തത്. അതിനുശേഷമാണ് ഈ ക്രമക്കേടുകൾ നടന്നതെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. കൃഷി ഓഫിസിലെ അഴിമതിക്കെതിരെ കെ.എസ്.കെ.ടി.യുവും കർഷകസംഘവും രംഗത്തുവന്നിട്ടുണ്ട്. കെ.എസ്.കെ.ടിയുവി​െൻറ പേരിൽ ടൗണിലും പരിസരത്തും അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റർ പതിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ 10 മണിക്ക് കൃഷി ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് കർഷകസംഘം പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.