നാദാപുരത്ത് ഓടകളുടെ ശുചീകരണം തുടങ്ങി; പ്ലാസ്​റ്റിക്​ മാലിന്യനീക്കം വഴിമുട്ടിതന്നെ

നാദാപുരം: ടെൻഡർ മുടങ്ങിയതിനാൽ തടസ്സപ്പെട്ടിരുന്ന നാദാപുരം കല്ലാച്ചി ടൗണുകളിലെ ഓടകളുടെ ശുചീകരണം തുടങ്ങി. നാലുലക്ഷം രൂപ ചെലവഴിച്ച് നടത്തുന്ന ശുചീകരണം റീ ടെൻഡർ ചെയ്യുകയായിരുന്നു. ഇതി​െൻറ ടെൻഡർ ഏറ്റെടുക്കാൻ ആളില്ലാത്തതിനാലായിരുന്നു നേരേത്ത പ്രവൃത്തി മുടങ്ങിയിരുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് റീ ടെൻഡർ നടത്തിയത്. ഈ യോഗത്തിലേക്ക് ഡി.വൈ.എഫ്.ഐക്കാർ പ്രകടനമായി വന്ന് യോഗം ഉപരോധിക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു. കല്ലാച്ചി പെട്രോൾപമ്പ് ഭാഗത്ത് തുടങ്ങിയ പ്രവൃത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സി.വി. കുഞ്ഞികൃഷ്ണൻ, മുഹമ്മദ് ബംഗ്ലത്ത്, ടി.കെ. സുബൈദ, എം.പി. സൂപ്പി, സി.കെ. നാസർ, പി.കെ. ദാമു, പി.കെ. കൃഷ്ണൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുരേഷ് ബാബു, സതീഷ് ബാബു തുടങ്ങിയവർ സംബന്ധിച്ചു. ഓടകളിലെ മണ്ണും മാലിന്യവും നീക്കംചെയ്യുന്നതോടെ കല്ലാച്ചി ടൗണിലേതുൾപ്പെടെയുള്ള വെള്ളക്കെട്ടിന് പരിഹാരമാകും. അതേസമയം, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ സംസ്കരണത്തിന് വഴിയില്ലാതെ പൊറുതിമുട്ടുകയാണ് നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതി. പാലോംചാലകുന്നിലെ ഗ്രാമപഞ്ചായത്ത് വക മാലിന്യ സംസ്കരണ പ്ലാൻറ് നാട്ടുകാരുടെ ഉപരോധ സമരം കാരണം പ്രവർത്തനം പാടെ നിലച്ചതിനാൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനടക്കം കഴിയാതെ ഉഴലുകയാണ് അധികൃതർ. ജില്ല കലക്ടർ ഇടപെട്ടിട്ടും പ്ലാൻറ് തുറക്കാൻ വഴിയൊരുങ്ങിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.