വിടപറഞ്ഞത്​ ജനകീയ ഡോക്​ടർ

കോഴിക്കോട്: 'ശ്രദ്ധിക്കുക, സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്നവര്‍ പരിശോധന ഫീസ് നല്‍കരുത്' - ഡോ. പി.കെ ചാക്കോയുടെ പരിശോധന മുറിക്ക് മുന്നിലുള്ള ബോർഡാണിത്. രോഗികള്‍ക്ക് ആശ്വാസമായ ജനകീയ ഡോക്ടറും‍ ആര്‍ക്കും സമീപിക്കാവുന്ന സൗമ്യനുമായിരുന്നു കോണ്‍ഗ്രസ് നേതാവ് ഡോ. പി.കെ. ചാക്കോ. ജില്ല സഹകരണ ആശുപത്രി സൂപ്രണ്ടായി വിരമിച്ചശേഷം മൊഫ്യൂസില്‍ ബസ് സ്റ്റാൻഡ് ബില്‍ഡിങ്ങിലെ ഒന്നാം നിലയിലായിരുന്നു അദ്ദേഹത്തി​െൻറ ക്ലിനിക്. ബോര്‍ഡ് തൂക്കിയപ്പോള്‍ ആര്‍ക്കും ധൈര്യപ്പെട്ട് അദ്ദേഹത്തെ സമീപിക്കാം എന്നായി. ഫീസ് കൊടുത്താൽതന്നെ കുറഞ്ഞ തുകയാണ് ഈടാക്കിയത്. ചങ്ങനാശ്ശേരിയില്‍നിന്ന് പേരാമ്പ്രയിലേക്ക് കുടിയേറിയ കര്‍ഷക കുടുംബാംഗമായിരുന്നു ഡോക്ടറുെടത്. പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയായ കാലത്ത് കാര്‍ ആഡംബരമായാണ് കണക്കാക്കിയത്. എന്നാല്‍ ഡോ. ചാക്കോയുടെ കാര്‍ പേരാമ്പ്രയിലെ മലയോരങ്ങളിലൂടെ മരണവീടുകളിലേക്കും കല്യാണ വീടുകളിലേക്കും നിരന്തരം പാഞ്ഞു. നേതാക്കൾക്കും പ്രവര്‍ത്തകർക്കും ആ കാറായിരുന്നു ആശ്രയം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഒറ്റക്കണ്ടം പടത്തുകടവ് ഹോളി ഫാമിലി ചര്‍ച്ചിന് സമീപത്ത് സൗജന്യമായി പാവപ്പെട്ട രോഗികളെ ചികിത്സിക്കാന്‍ കോഴിക്കോട്ടുനിന്ന് അദ്ദേഹം കാറോടിച്ച് എത്തി. കെ. കരുണാകരനുമായും ഡോ. കെ.ജി. അടിയോടിയുമായും ആത്മബന്ധം പുലര്‍ത്തി. മാര്‍ക്കറ്റിങ് ഫെഡറേഷന്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രി പ്രഫ. ജോസഫ് മുണ്ടശ്ശേരിയുടെ മകള്‍ ടെസ്‌ലയാണ് അദ്ദേഹത്തി​െൻറ പ്രിയതമയായി ആതുരസേവനത്തിനും പൊതുപ്രവര്‍ത്തനത്തിനും നിശ്ശബ്ദ ഊര്‍ജമായത്. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ്സന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കെ.പി.സി.സി. പ്രസിഡൻറുമാരായ വി.എം. സുധീരന്‍, കെ. മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, എം.കെ. രാഘവന്‍ എം.പി, എം.ഐ. ഷാനവാസ് എം.പി, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദിഖ്, കെ.പി.സി.സി ഭാരവാഹികളായ പി.എം. സുരേഷ്ബാബു, എന്‍. സുബ്രഹ്മണ്യന്‍, കെ. പ്രവീണ്‍കുമാര്‍ തുടങ്ങിയവർ നിര്യാണത്തിൽ അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.