നടുവണ്ണൂരിൽ മാലിന്യം പൊതുസ്ഥലത്ത് തള്ളിയ കടകൾ അടച്ചുപൂട്ടി

നടുവണ്ണൂർ: ബേക്കറിയിൽനിന്നുള്ള ജൈവ മാലിന്യങ്ങൾ നടുവണ്ണൂർ അങ്ങാടിയിലെ റോഡ് സൈഡിൽ നിക്ഷേപിച്ചതിന് നടുവണ്ണൂരിൽ ഒരു ബേക്കറി സ്ഥാപനം പഞ്ചായത്ത് അധികൃതർ അടച്ചുപൂട്ടി. പകർച്ചവ്യാധി പ്രതിരോധത്തി​െൻറ ഭാഗമായി നടുവണ്ണൂർ അങ്ങാടിയും പരിസരവും പൊതുജനങ്ങൾ, സന്നദ്ധപ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, വ്യാപാരികൾ, യുവജന സംഘടനകൾ, ടാക്സി തൊഴിലാളികൾ എന്നിവരുടെ സഹായത്തോടെ ശുചീകരിച്ചിരുന്നു. ശുചീകരണത്തി​െൻറ ഭാഗമായി ലഭിച്ച മാലിന്യങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് പഞ്ചായത്തിന് സംസ്കരിക്കാൻ കഴിഞ്ഞത്. ശുചീകരണ പ്രവർത്തനം കഴിഞ്ഞ് മൂന്നാമത്തെ ദിവസമാണ് സംസ്ഥാന പാതയുടെ അരികിൽ പഴകിയ പാൽ, ഐസ് എന്നിവ തള്ളിയത്. വ്യാഴാഴ്ച രാവിലെ പരാതി ലഭിച്ചതി​െൻറ അടിസ്ഥാനത്തിൽ സെക്രട്ടറി എൽ.എൻ. ഷിജു, ഹെൽത്ത് ഇൻസ്പെക്ടർ രാധാകൃഷ്ണൻ, വിനോദൻ, സിറാജ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തുകയും മാലിന്യം നിക്ഷേപിച്ചത് കണ്ടതിനാൽ കട അടച്ചുപൂട്ടാൻ നിർദേശം നൽകുകയാണ് ചെയ്തത്. മറ്റൊരു കൂൾബാറിൽ നടത്തിയ പരിശോധനയിൽ ആവശ്യത്തിന് മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്താത്തത് ശ്രദ്ധയിൽപ്പെട്ടതിനാലും പഴകിയ പാലും, ഐസ്ക്രീമും കണ്ടെത്തിയതിനാൽ അടച്ചുപൂട്ടാൻ ഉത്തരവ് നൽകുകയാണുണ്ടായത്. മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചതിന് 2000 രൂപവീതം ഫൈൻ ചുമത്തിയിട്ടുണ്ട്. പഞ്ചായത്തിലെ പള്ളിയത്ത് കുനി അങ്ങാടിയിലും ഇന്ന് പരിശോധന നടന്നു. നിപ അടക്കമുള്ള പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ തുടർ പരിശോധനയുണ്ടാവുമെന്നും മാലിന്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദു ചെയ്ത് സ്ഥാപനം അടച്ചുപൂട്ടുന്നതടക്കമുള്ള കർശന നടപടികളുണ്ടാവുമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.