മാവോവാദികൾക്കായി തിരച്ചിൽ തുടരുന്നു

മേപ്പാടി: മാവോവാദികളെത്തിയെന്ന് പറയപ്പെടുന്ന കള്ളാടി തൊള്ളായിരംകണ്ടി വനമേഖലയിൽ ഞായറാഴ്ചയും പൊലീസ്, തണ്ടർബോൾട്ട് സംയുക്ത സംഘം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വനത്തിൽ മാവോവാദി സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. അതേസമയം, മുണ്ടക്കൈ എസ്റ്റേറ്റ് പാടി പരിസരത്ത് ഞായറാഴ്ച പുലർച്ചെ 3.30ഓടെ കോട്ട് ധരിച്ച മൂന്നംഗ അജ്ഞാത സംഘത്തെ കണ്ടതായി തോട്ടംതൊഴിലാളികൾ വെളിപ്പെടുത്തി. ഇത് പ്രദേശത്തുകാരെ വീണ്ടും പരിഭ്രാന്തരാക്കി. പാടിക്കു സമീപത്തെ ഷെഡിൽ അജ്ഞാത സംഘം ഭക്ഷണമുണ്ടാക്കി കഴിക്കുന്നത് തൊഴിലാളികൾ കണ്ടതായാണ് വിവരം. ഷെഡിൽനിന്ന് പതിഞ്ഞ സംസാരം കേട്ട പാടിയിലെ സ്ത്രീകൾ പുറത്തിറങ്ങി നോക്കുമ്പോൾ കോട്ടുധാരികളായ മൂന്നുപേർ നടന്നുമറയുന്നത് കണ്ടുവെന്നാണ് പറയുന്നത്. തുടർന്ന് ഷെഡിൽ പരിശോധന നടത്തിയപ്പോൾ പച്ചരി, ഉള്ളി, മല്ലിപ്പൊടി, മുളകുപൊടി പാക്കറ്റുകൾ എന്നിവ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തു. നാട്ടുകാർ വിവരം മേപ്പാടി പൊലീസിൽ അറിയിച്ചതിനെ തുടർന്ന് തണ്ടർബോൾട്ട് അടക്കമുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കള്ളാടിയിലെത്തിയ മാവോവാദികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിക്രം ഗൗഡ, സോമൻ, സന്തോഷ്, ഉണ്ണിമായ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. തടഞ്ഞുവെക്കപ്പെട്ട ബംഗാളി തൊഴിലാളികൾ ഇവരുടെ ചിത്രം തിരിച്ചറിഞ്ഞു. വരുംദിവസങ്ങളിലും വനത്തിൽ തിരച്ചിൽ തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.