താമരശ്ശേരി: പകര്‍ച്ചവ്യാധികള്‍കൊണ്ട് നാട് വലയുമ്പോള്‍ നാടിെൻറ കുടിവെള്ള സ്രോതസ്സായ കൂടത്തായി പുഴയില്‍ സ്വകാര്യ വ്യക്തി അനധികൃത ടാങ്ക് നിർമിച്ചു. ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയില്‍ കൂടത്തായ് പാലത്തിന് സമീപമാണ് നിയമലംഘനം. സ്വകാര്യ കെട്ടിടത്തിലെ മാലിന്യമാണ് ടാങ്ക് നിര്‍മിച്ച് ഇരുതുള്ളിപ്പുഴയില്‍ നിക്ഷേപിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ഏകദേശം ഒരു മീറ്റര്‍ ചുറ്റളവിലുള്ള ടാങ്കിന് കോണ്‍ക്രീറ്റ് മൂടിയും ഇട്ടിട്ടുണ്ട്. കാട് നിറഞ്ഞ ഭാഗത്ത് മണ്ണിനടിയിലായതിനാല്‍ ടാങ്ക് ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ മണ്ണ് നീങ്ങിയപ്പോഴാണ് ടാങ്ക് പുറത്തായത്. ഏകദേശം ഒരു മീറ്റർ ആഴത്തില്‍ ടാങ്ക് ദൃശ്യമാണ്. ഏതുതരം മാലിന്യമാണ് ഇവിടെ നിക്ഷേപിക്കുന്നതെന്ന് പരിശോധനയിലൂടെയേ സ്ഥിരീകരിക്കാന്‍ കഴിയൂ. മാലിന്യം പുഴയില്‍ നേരിട്ട് കലരുന്ന തരത്തിലാണ് ടാങ്ക് സ്ഥിതിചെയ്യുന്നത്. പാലത്തിന് താഴെ ഗ്രാമപഞ്ചായത്തിെൻറ രണ്ട് കുടിവെള്ള പദ്ധതികള്‍ ഉണ്ട്. താമരശ്ശേരി താലുക്ക് ആശുപത്രിയിലും നിരവധി കടകളിലും ഉപയോഗിക്കുന്നത് ഈ വെള്ളമാണ്. കൂടത്തായ് പാലത്തില്‍ മാലിന്യ നിക്ഷേപം രൂക്ഷമായതിനെ തുടര്‍ന്ന് ഇത് തടയാന്‍ ഗ്രാമപഞ്ചായത്ത് പാലത്തില്‍ നെറ്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നതിനിടെയാണ് ഇതിനെയെല്ലാം വെല്ലുന്ന തരത്തില്‍ മാലിന്യം പുഴയില്‍ എത്തിക്കുന്നത്. ഉന്നത വിജയികളെ ഗ്രാമപഞ്ചായത്ത് അനുമോദിക്കുന്നു താമരശ്ശേരി: പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ താമരശ്ശേരി ഗ്രാമപഞ്ചായത്ത് അനുമോദിക്കുന്നു. സര്‍ട്ടിഫിക്കറ്റ് കോപ്പിയും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫേട്ടോയും അതത് വാര്‍ഡ് മെംബര്‍മാരെയോ ഗ്രാമപഞ്ചായത്ത് ഓഫിസിലോ ഈ മാസം 13ന് മുമ്പായി നല്‍കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. ഹജ്ജ് പ്രതിരോധ കുത്തിവെപ്പ്: സ്വാഗതസംഘം രൂപവത്കരിച്ചു താമരശ്ശേരി: ഈ വര്‍ഷം ഹജ്ജ് കർമം നിര്‍വഹിക്കാന്‍ അവസരം ലഭിച്ചവര്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് വിപുലമായ രീതിയില്‍ നടത്താന്‍ താലൂക്ക് ആശുപത്രിയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതിയുടെയും വിവിധ സംഘടന ഭാരവാഹികളുടെയും യോഗത്തില്‍ തീരുമാനിച്ചു. 1300 ഹാജിമാര്‍ക്കുള്ള കുത്തിവെപ്പാണ് താമരശ്ശേരിയില്‍ നടക്കുക. കൊടുവള്ളി, തിരുവമ്പാടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട ഹാജിമാരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. സ്വാഗതസംഘം യോഗം കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് ഏലിയാമ്മ ജോർജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹാജറ കൊല്ലരുകണ്ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൂപ്പര്‍ അഹമ്മദ്കുട്ടി ഹാജി, എ.പി. ഹുസൈന്‍, ഹജ്ജ് ട്രെയ്‌നര്‍ എന്‍.പി. സെയ്തലവി, താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. എം. കേശവനുണ്ണി, പി.എ. അബ്ദുസ്സമദ് ഹാജി, പി.പി. ഹാഫിസുറഹ്മാന്‍, എ.പി. മുസ്തഫ, റാഷി താമരശ്ശേരി, എന്‍.പി. റസാഖ്, ലുഖ്മാന്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികൾ: പി.എം. അബ്ദുസ്സമദ് ഹാജി (ചെയര്‍), പി. ലുഖ്മാന്‍ ഹാജി (കണ്‍), റഷീദ് സൈന്‍ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.