നാദാപുരം: ചെക്യാട് പഞ്ചായത്തിലെ അരീക്കരകുന്നിലെ താമസക്കാർക്ക് ഭൂമി പതിച്ചുനൽകണമെന്നാവശ്യപ്പെട്ട് സർവകക്ഷി നേതൃത്വത്തിൽ തിങ്കളാഴ്ച വില്ലേജ് ഓഫിസിലേക്ക് മാർച്ചും ഉപരോധ സമരവും നടത്തുമെന്ന് കർമസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെക്യാട് വില്ലേജിലെ കുറുവന്തേരി, കണ്ണൂർ ജില്ലയിലെ വിളക്കോട്ടൂർ പ്രദേശങ്ങളിൽ വ്യാപിച്ച് കിടക്കുന്ന 273 ഏക്കർ ഭൂമി ബി.എസ്.എഫ് കേന്ദ്രത്തിനായി സർക്കാർ ഏറ്റെടുത്തിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിനിടയിൽ പ്രദേശത്തെ കൈവശക്കാരുടെ ഭൂമികൂടി ഉൾപ്പെട്ടതോടെയാണ് ഇവർക്ക് നികുതി അടക്കാൻ കഴിയാതെ വന്നത്. 274 പേർ കൈവശംെവച്ചു വരുന്ന ഈ ഭൂമിയിൽ 75 കുടുംബങ്ങൾ താമസിച്ചുവരുന്നുണ്ട്. ഇതിൽ തന്നെ ഒരു ലക്ഷംവീട് കോളനി, രണ്ട് അംഗൻവാടി, പി.ഡബ്ല്യൂ.ഡി റോഡുകൾ, ആരാധനാലയങ്ങൾ ഉൾപ്പെടെ സർക്കാറിൽനിന്നും മിച്ചഭൂമിയായി പട്ടയം ലഭിച്ച കൈവശക്കാരും ഇതിൽ ഉൾപ്പെടുന്നുെണ്ടന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇവിടത്തെ ഭൂമിപ്രശ്നം പരിഹരിക്കാനായി റവന്യൂവകുപ്പ് 234 പേരുടെ രേഖകൾ ലാൻഡ് ബോർഡിലേക്ക് ശേഖരിക്കുകയുണ്ടായി. അതിനിടെ ഭൂമിയുടെ അവകാശിയായ ആയഞ്ചേരി കോവിലകത്തെ കെ.പി. ഉദയവർമ രാജ ഹൈകോടതിയിൽ നൽകിയ ഹരജിയെ തുടർന്ന് സ്റ്റേ അനുവദിക്കുകയായിരുന്നു. ഹൈകോടതി സ്റ്റേ നിലനിൽക്കുന്നതിനാൽ ഭൂമി പതിച്ചു നൽകുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്ന് നിയമസഭയിൽ റവന്യൂവകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. ഈ നിയമ പ്രശ്നങ്ങളെല്ലാം അടിയന്തരമായി പരിഹരിച്ച് പ്രദേശത്തെ ഉടമകൾക്ക് ഭൂമി പതിച്ചു നൽകാനും നികുതിയടക്കാനുള്ള അനുമതിയും ലഭിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരങ്ങൾക്കൊരുങ്ങുകയാണ് പ്രദേശവാസികൾ. ആദ്യപടിയായാണ് വില്ലേജ് ഒാഫിസ് മാർച്ചും ഉപരോധവും സംഘടിപ്പിച്ചതെന്ന് സർവകക്ഷി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്തംഗം കെ.പി. കുമാരൻ, സമരസമിതി കൺവീനർ കെ.പി. കുമാരൻ, പാറയിടുക്കിൽ കുമാരൻ, സതീശൻ അന്ത്യേരി, ടി. ശ്രീധരൻ, എ. പുരുഷു, വി. അച്യുതൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.