തർക്കം തീരാതെ ജനകീയ ജീപ്പ് സർവിസ്​; നാളെ വീണ്ടും ചർച്ച

ആയഞ്ചേരി: ജനകീയ ജീപ്പ് സംബന്ധിച്ച തർക്കം പരിഹരിക്കാൻ ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. അരൂർ മുള്ളൻമുക്കിൽ നിന്നും ഉദയ കലാസമിതിയുടെ സമീപത്തു നിന്നും ആയഞ്ചേരിയിലേക്കുള്ള ജനകീയ ജീപ്പ് ടൗണിലേക്ക് നീട്ടുന്നത് സംബന്ധിച്ച തർക്കമാണ് പരിഹാരമാകാതെ കിടക്കുന്നത്. അരൂർ മുള്ളൻ മുക്കിൽ നിന്നുള്ള ജനകീയ ജീപ്പ് നിലവിൽ കേരള ഹോട്ടലിന് സമീപം വരെയും ഉദയ കലാസമിതിയുടെ സമീപത്തും നിന്നും കല്ലുമ്പുറം വഴി വരുന്ന ജീപ്പ് തലപ്പൊയിൽ മുക്കിന് സമീപം വരെയുമാണ് സർവിസ് നടത്തുന്നത്. ഇത് ആയഞ്ചേരി ടൗണിലേക്ക് നീട്ടി യാത്രക്കാർക്കുള്ള പ്രയാസം ഇല്ലാതാക്കാനാണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദയുടെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളി യൂനിയൻ നേതാക്കളുടെയും ജനകീയ ജീപ്പ് സമിതി ഭാരവാഹികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം വിളിച്ചത്. അരൂരിൽ നിന്നെത്തുന്ന ജീപ്പുകൾ ടൗണിൽ നിന്ന് 600 മീറ്റർ അകലെയാണ് നിർത്തുന്നതെന്നും ഇത് സ്ത്രീകളും കുട്ടികളുൾപ്പെടെയുള്ള യാത്രക്കാർക്ക് നിരവധി പ്രയാസങ്ങൾ ഉണ്ടാക്കുന്നതായും ഇത് പരിഹരിക്കാൻ ജീപ്പ് സർവിസ് ആയഞ്ചേരി ടൗൺ വരെ നീട്ടണമെന്നും ജനകീയ ജീപ്പ് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇപ്പോൾ ഓട്ടോ സർവിസ് നടത്താത്ത പ്രദേശത്തു നിന്നാണ് ജീപ്പുകൾ സർവിസ് ആരംഭിക്കുന്നത്. ദിവസേന നാനൂറിലധികം യാത്രക്കാരാണ് ജീപ്പുകൾ വഴി ആയഞ്ചേരി ടൗണിലെത്തുന്നത്. ഇത് ടൗണിലെ വ്യാപാരസ്ഥാപനങ്ങൾക്കും ഓട്ടോകൾക്കും ഗുണം ചെയ്യുമെന്ന അഭിപ്രായമാണ് ഭൂരിപക്ഷം പേർക്കുമുള്ളത്. എന്നാൽ, ഓട്ടോ ൈഡ്രവർമാരുടെ തൊഴിൽസുരക്ഷ അപകടത്തിലാണെന്നും ജനകീയ ജീപ്പുകൾ ടൗണിൽ വരുന്നത് അനുവദിക്കാനാവില്ലെന്നും ഓട്ടോ തൊഴിലാളി യൂനിയൻ നേതാക്കൾ വ്യക്തമാക്കി. ഇതോടെ ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇതുസംബന്ധിച്ച ചർച്ച ചൊവ്വാഴ്ച നാലുമണിക്ക് ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫിസിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.